marshal-bs-dhanoa

കോയമ്പത്തൂർ: ബാലാക്കോട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ കണക്കിൽ കൃത്യത വരുത്തേണ്ടത്​ വ്യോമസേനയല്ല, സർക്കാരാണ്​​. എത്രപേർ കൊല്ലപ്പെട്ടു എന്നതല്ല സേന നോക്കുന്നത്​, ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

​ആക്രമണം നടത്തുകയാണ് തങ്ങളുടെ ജോലി. വ്യോമസേന അക്കാര്യം കൃത്യമായി ചെയ്‌തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ വ്യോമസേന അത് ചെയ്‌തിരിക്കും. ബോംബ് വീണത് വനത്തിലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചുവെന്നും ധനോവ ചോദിച്ചു.

വിംഗ് കമാൻഡർ അഭിനന്ദൻ സേനയിലേക്ക് തിരിച്ചുവരുമോ എന്നത് വൈദ്യപരിശോധനകൾക്കും ചികിത്സകൾക്കും ശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനിടെ പരിക്കുപറ്റിയ അഭിനന്ദന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.