cpi-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. മുൻ മന്ത്രിയും നെടുമങ്ങാട് എം.എൽ.എയുമായ സി.ദിവാകരനെയാണ് തിരുവനന്തപുരത്ത് ഇത്തവണ സി.പി.ഐ രംഗത്തിറക്കുന്നത്. സിറ്റിംഗ് സീറ്റായ തൃശൂരിൽ നിലവിലെ എം.പി സി.എൻ.ജയദേവന് പകരം രാജാജി മാത്യു തോമസാണ് മത്സരിക്കുക.

മാവേലിക്കരയിൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനെ നിശ്ചയിച്ചു. വയനാട് മണ്ഡലത്തിൽ മുൻ ജില്ലാ സെക്രട്ടറി പി.പി സുനീർ മത്സരിക്കും. കാനം രാജേന്ദ്രൻ, സി ദിവാകരൻ, ജി.ആർ അനിൽ എന്നീ പേരുകൾ ഉൾപ്പെടുത്തിയ പട്ടികയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ,​ താൻ മത്സരിക്കാനില്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ കാനം നിലപാട് വ്യക്തമാക്കിയിരുന്നു.