കുട്ടികളെയും കൗമാരക്കാരെയും മുതിർന്നവരെയുമൊക്കെ ഒരുപോലെ കുഴപ്പത്തിൽ ചാടിക്കുന്നതിന്റെ പേരിൽ അടുത്തകാലത്തായി ഏറെ വിവാദത്തിലായ വീഡിയോ ഗെയിമുകളാണ് മോമോയും ബ്ലൂവെയിലുമൊക്കെ. തുറിച്ച കണ്ണുകളും ചിതറിയ മുടിയുമൊക്കെയായി ആകെപ്പാടെ ഒരു പ്രേതത്തിന്റെ രൂപമാണ് മോമോയ്ക്ക്.
ഇപ്പോഴിതാ, മോമോയെ അനുകരിച്ച് അതുപോലെയാകാൻ വേണ്ടി മുടി സ്വയം മുറിക്കുകയും കണ്ണുകൾ തുറന്ന് ഉറങ്ങുകയും ചെയ്യുന്ന ഒരു അഞ്ചുവയസുകാരിയുടെ വാർത്തകളാണ് ഇപ്പോൾ ലോകത്തെ ഞെട്ടിക്കുന്നത്. ജെമ്മയെന്ന പെൺകുട്ടിയാണ് മോമോയുടെ പിടിയിലകപ്പെട്ടത്. ജെമ്മയുടെ അമ്മ സാം തന്നെയാണ് മകൾക്കുസംഭവിച്ച ഈ ദുരന്തത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയത്.
തന്റെ മകൾ പെപ്പ പിഗ് എന്ന അനിമേറ്റഡ് പ്രോഗ്രാം മാത്രമേ കണ്ടിരുന്നുള്ളുവെന്നാണ് സാം പറയുന്നത്. എന്നാൽ, അടുത്തകാലത്തായി കുട്ടികളുടെ പ്രോഗ്രാമുകൾ മോമോ ഹാക്ക് ചെയ്തിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇത്തരത്തിലാകാം ജെമ്മയും മോമോയുടെ പിടിയലകപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
മോമോയെന്ന കഥാപാത്രത്തിന്റെ സംസാരരീതിയും രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും രാത്രിയിൽ പേടിസ്വപ്നങ്ങൾ കാണുന്നതിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. തുടർന്ന് അവർ മോമോയുടെ നിർദേശപ്രകാരം സ്വയംമുറിവേൽപ്പിക്കുകയും മരണത്തിലേക്ക് നടന്നടുക്കുകയും ചെയ്യും. ഇങ്ങനെയാണ് മനശാസ്ത്രവിദഗ്ദ്ധർ ഇതിനെക്കുറിച്ച് നൽകുന്ന വിശദീകരണം.
ജെമ്മയും ഇത്തരത്തിൽ മോമോയുടെ അടിമായായിരുന്നത്രെ! ജെമ്മ നീളമുള്ള തന്റെ മുടി മുറിയ്ക്കുകയും കണ്ണുകൾ തുറന്ന് ഉറങ്ങുകയും ചെയ്യുമായിരുന്നത്രെ! എന്തായാലും ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാകട്ടെ എന്ന് പറഞ്ഞാണ് സാം മകളുടെ അനുഭവം പങ്കുവച്ചിരിക്കുന്നത്.