ലണ്ടൻ: കുടുസുമുറിയിൽ എട്ടുവർഷത്തോളം ഭക്ഷണം പോലും നിഷേധിക്കപ്പെട്ട് തടവിലായിരുന്ന, ഒടുവിൽ രക്ഷപ്പെട്ടെത്തിയ ലോറൻ ആഷ്ലികാവനോഗ് എന്ന പെൺകുട്ടിയെ അതിജീവനത്തിന്റെ മാതൃകയായാണ് ലോകം വാഴ്ത്തിയിരുന്നത്. എന്നാലിപ്പോൾ വീണ്ടും ലോറൻ വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണത്താലാണ്.
14വയസുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ ആജീവനാന്തം തടവുശിക്ഷയാണ് ലോറന് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായതുമുതൽ ഡെന്റൺ കൗണ്ടി ജയിലിലാണ് ലോറൻ. കുറഞ്ഞത് 60 വർഷമെങ്കിലും തടവുശിക്ഷ അനുഭവിക്കണമെന്നാണ് ഗ്രാൻഡ് ജൂറിയുടെ വിധി. ഇവർക്കെതിരെ ചുമത്തപ്പെട്ട മൂന്ന് ലൈംഗികകുറ്റകൃത്യങ്ങളിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണിത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രണ്ട് മാസത്തോളമാണ് ലോറൻ പീഡിപ്പിച്ചത്.
ടെക്സസിലെ വീട്ടിൽ രണ്ടുവയസുമുതൽ പത്ത് വയസുവരെ കുടുമുറിയിൽ കൊടിയ പീഡനത്തിന് ഇരയായി കഴിഞ്ഞിരുന്ന ലോറനെ 2001ലാണ് പൊലീസ് രക്ഷപ്പെടുത്തുന്നത്. അമ്മ ബാർബറെ അറ്റ്കിൻസണും രണ്ടാനച്ഛൻ കെന്നത്ത് അറ്റ്കിൻസണും ചേർന്നാണ് ലോറനെ തുടർച്ചയായി ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. അയൽക്കാരൻ നൽകിയ വിവരമനുസരിച്ചാണ് പൊലീസെത്തി ലോറനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഗേൾ ഇൻ ദ ക്ലോസറ്റ് എന്ന പേരിൽ ലോറൻ പ്രശസ്തയാവുകയും ചെയ്തു.