പ്രസ് മീറ്റിംഗ് കഴിഞ്ഞ് വേലായുധൻ മാസ്റ്റർ എഴുന്നേറ്റു.
''അപ്പോൾ ഇനി കൂടുതലൊന്നും എനിക്ക് പറയുവാനില്ല."
അയാൾ പുറത്തേക്കു നടക്കാൻ ഭാവിച്ചപ്പോൾ റിപ്പോർട്ടേഴ്സ് പിന്നാലെ ചെന്നു.
''എന്നാലും പെട്ടെന്ന് സാറ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്താണെന്നെങ്കിലും ഒന്നു പറഞ്ഞുകൂടേ?"
ഒരു റിപ്പോർട്ടർ തിരക്കി:
''ജനങ്ങൾക്കു മുന്നിൽ സത്യസന്ധമായി പറയാൻ അങ്ങേയ്ക്കു ബാദ്ധ്യതയില്ലേ?"
മാസ്റ്റർ ചുണ്ടുകോട്ടി ഒന്നു ചിരിച്ചു:
''നിങ്ങളോട് ഞാൻ ഈയിടെയായി മാന്യത അല്പം കൂടുതൽ കാണിക്കുന്നുണ്ട്. അതുവച്ച് മുതലെടുക്കാൻ നോക്കല്ലേ... എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രാജസേനൻ. അദ്ദേഹത്തിന്റെ ദേഹവിയോഗം ഉണ്ടായപ്പോൾ മകനെ അതിൽ നല്ല ഒരു പദവിയിൽ എത്തിക്കണമെന്ന് എനിക്കു തോന്നി. എന്റെ പാർട്ടിക്കാർക്കും അത് സമ്മതമായിരുന്നു. ഇതിൽ കൂടുതൽ എന്തു പറയണം ഞാൻ?"
''സാർ..."
മറ്റൊരാൾ മുഖ്യമന്ത്രിയോട് വീണ്ടും എന്തോ ചോദിക്കാനാഞ്ഞു.
മാസ്റ്റർ പക്ഷേ മുഖം കൊടുത്തില്ല.
''അങ്ങോട്ടു മാറിനിൽക്കിൻ." സെക്യൂരിറ്റി പോലീസ്, മീഡിയക്കാരെ തള്ളിയകറ്റി.
അവർക്കിടയിലൂടെ ചെന്ന് വേലായുധൻ മാസ്റ്റർ കാറിൽ കയറി. കാറിനു പിന്നാലെ പോലീസ് വാഹനങ്ങളും ഇരമ്പിപ്പാഞ്ഞു. നേരെ ഗവർണറുടെ അടുത്തേക്ക്....
***
രാവിലെ യൂണിഫോം ധരിച്ചിട്ട് ബ്രേക്ക് ഫാസ്റ്റിനിടയിൽ ടിവി കാണുകയായിരുന്ന പിങ്ക് പോലീസ് എസ്.ഐ വിജയ.
അതിൽ, വേലായുധൻ മാസ്റ്ററുടെ പിന്മാറ്റത്തെക്കുറിച്ചും രാഹുലിന്റെ അവരോധത്തെക്കുറിച്ചുമുള്ള വാർത്തകൾ കേട്ട് അവൾ അമ്പരന്നു.
ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് നടക്കാൻ പോകുന്നത്.
ചീഫ് മിനിസ്റ്റർ ആയിക്കഴിഞ്ഞാൽ രാഹുലിനെ ഒന്നു തൊടാൻ പോലും ആവില്ലെന്ന് അവൾക്കറിയാം.
കിച്ചണിൽ നിന്ന് മാലിനിയും അങ്ങോട്ടു വന്നു.
''മോളേ.. ആ മുറിയിൽ അടച്ചിട്ടിരിക്കുന്ന ചെറുക്കന് കാപ്പി കൊടുക്കണ്ടേ?"
''വേണ്ടാ." വിജയയുടെ ശബ്ദം കടുത്തു. ''കൊടുക്കേണ്ട നേരത്ത് ഞാൻ കൊടുത്തോളാം. ഇന്നലെ ഞാൻ അമ്മയോടു പറഞ്ഞതാണ് നമ്മുടെ സത്യൻ മരിക്കാൻ കാരണക്കാരൻ അവനാണെന്ന്. അതുകൊണ്ട് ഇനി അവന്റെ കാര്യം സംസാരിച്ചു പോകരുത്."
പറയുന്നതിനിടയിൽ വിജയ പാൻസിന്റെ പോക്കറ്റിൽ തപ്പിനോക്കി. നോബിൾ തോമസിനെ പാർപ്പിച്ചിരിക്കുന്ന മുറിയുടെ താക്കോൽ ഭദ്രമായുണ്ട്.
വളരെ പെട്ടെന്ന് വിജയ കാപ്പി കഴിച്ചു. അപ്പോൾ മുറ്റത്ത് പിങ്ക് പോലീസിന്റെ ഇന്നോവ വന്നുനിന്നു.
''അമ്മ ആ മുറിയുടെ ഭാഗത്തേക്കു പോലും പോകണ്ടാ."
ഒരിക്കൽക്കൂടി അവൾ മാലിനിയെ താക്കീതു ചെയ്തു.
***
വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാഹുൽ മുഖ്യമന്ത്രിയാകും.
അവന്റെ ഗ്രൂപ്പിൽപ്പെട്ട ചിലരെക്കൂടി മന്ത്രിയാക്കാനും തീരുമാനമുണ്ട്. ഭരണകക്ഷിയിൽ പെട്ട പലർക്കും ഈവിധ സംഭവങ്ങളോട് കടുത്ത അമർഷം ഉണ്ടായിരുന്നു.
എന്നാൽ ഉറച്ച തീരുമാനത്തിൽ വേലായുധൻ മാസ്റ്റർ നിന്നതിനാൽ അവർക്ക് ഒന്നും ചെയ്യാനായില്ല.
കയ്യിൽ ഉള്ളതുകൂടി നഷ്ടപ്പെടുത്താൻ അവരാരും ഒരുക്കമായിരുന്നില്ല.
ഉച്ചയ്ക്കു മുൻപ് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് രാഹുലും മാസ്റ്ററും കൂടി ഒരു കൂടിക്കാഴ്ച നടത്തി. പേഴ്സണൽ റൂമിൽ.
''ഞാൻ ആഭ്യന്തരം കൈകാര്യം ചെയ്യാം രാഹുൽ. അതിനെങ്കിലും നീ സമ്മതിക്കണം. "
യാചനയായിരുന്നു മാസ്റ്ററുടെ ശബ്ദത്തിൽ.
പക്ഷേ രാഹുൽ വഴങ്ങിയില്ല.
''എനിക്ക് അച്ഛനെന്നു പറയുവാൻ ഒരാൾ മാത്രമേയുള്ളൂ. അതുകൊണ്ട് എന്റെ തീരുമാനങ്ങൾക്കും മാറ്റമുണ്ടാകില്ല. മാസ്റ്റർ കുറച്ചുകാലം ഒന്നു വിശ്രമിക്ക്."
രാഹുൽ ഇടം കാലിനു മേൽ വലതുകാൽ കയറ്റിവച്ച് വിറപ്പിച്ചു.
മാസ്റ്റർ പക്ഷേ രോഷമൊന്നും പുറത്തുകാട്ടിയില്ല.
''എങ്കിൽ എന്റെ മകൻ നോബിളിനെയെങ്കിലും വെറുതെ വിട്ടുകൂടേ? "
''തീർച്ചയായും അത് ഞാൻ ചെയ്തിരിക്കും."
അപ്പോഴും നോബിൾ തന്റെ കസ്റ്റഡിയിൽ ഇല്ല എന്ന കാര്യം രാഹുൽ മറച്ചുവച്ചു.
വൈകിട്ട് ആറുമണി.
സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടി പ്രവർത്തകർക്കു മുന്നിൽ, ശവം പോലെ ആയിക്കഴിഞ്ഞ വേലായുധൻമാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ രാഹുൽ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
അവൻ മുഖ്യമന്ത്രിയായി.
[തുടരും]