pulwama-attack-

പുൽവാമ ഭീകരാക്രമണവും തിരിച്ചടിയായി പാക് അതിർത്തിക്കുള്ളിലുള്ള ഭീകരരുടെ താവളങ്ങളെ മിന്നാലാക്രമണം വഴി ഇന്ത്യ തകർത്തതും മാനവരാശിയെ ഇരുത്തി ചിന്തിപ്പിച്ച സംഭവങ്ങളാണ്. ഇന്ത്യയെ ലക്ഷ്യമിട്ടു വന്ന പാകിസ്ഥാൻ വിമാനങ്ങളെ തുരത്താനുള്ള ശ്രമത്തിൽ അവരുടെ പിടിയിലകപ്പെട്ടുപോയ വൈമാനികൻ അഭിനന്ദനെ സ്വരാജ്യത്തെത്തിച്ചതും നമ്മുടെ നയതന്ത്ര

വിജയമാണ്.

പാകിസ്ഥാൻ സൃഷ്ടിച്ച് പാലൂട്ടി വളർത്തി സംരക്ഷിക്കുന്ന ഭീകരതയാണ് അതിർത്തി കടന്ന് ഭീഷണിയായി ഇന്ത്യയിൽ നാശം വാരിവിതറുന്നത്. പുൽവാമയും തുടർ നടപടികളും കൃത്യമായും വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. ലോകം പൊതുവിൽ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ പോരാട്ടത്തെ പിന്തുണയ്ക്കുന്നു എന്നുള്ളത്. പാകിസ്ഥാന്റെ പിടിയിലകപ്പെട്ട വൈമാനികൻ അഭിനന്ദന്റെ പെട്ടെന്നുള്ള മോചനം ഇന്ത്യ നേടിയ വൻവിജയം തന്നെയാണ്. യുദ്ധത്തടവുകാരുടെ വിടുതൽ സംബന്ധിച്ചുള്ള ജനീവാ കരാറിന്റെ ശക്തിയേക്കാൾ പാകിസ്ഥാനെ ഇക്കാര്യത്തിൽ നിർബന്ധിതമാക്കിയത് അന്താരാഷ്ട്ര സമ്മർദ്ദവും ഇന്ത്യയുടെ യുക്തിഭദ്രമായ നിലപാടുകളുമാണ്.

സൗദി അറേബ്യ, യു.എസ്.എ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ സമയോചിതമായ ഇടപെടൽ പാകിസ്ഥാനെ ഇന്ത്യൻ വൈമാനികന്റെ മോചനത്തിന് നിർബന്ധിതമാക്കിയിരുന്നു. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ
സ്ഥിതി ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും അടുത്ത് നല്ല വാർത്ത കേൾക്കാമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് അഭിനന്ദിന്റെ മോചനത്തിനായി അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഉറപ്പുനേടി എന്നതിന്റെ സൂചനയായിരുന്നു.
ചൈന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഏതാണ്ട് മൊത്തത്തിൽ ഇന്ത്യയ്‌ക്ക് അനുകൂലമായി ഭീകരാക്രമണ പ്രശ്നത്തിൽ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇത് ഇന്ത്യ കൈവരിച്ച മികച്ച നേട്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക സന്ദർശനങ്ങളും അതുവഴി സൃഷ്ടിക്കപ്പെട്ട സൗഹാർദ്ദങ്ങളും നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് വൻ തുണയായി പരിണമിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടാനിഷ്ഠങ്ങൾക്കപ്പുറം നിഷ്പക്ഷമായി വിലയിരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
വർത്തമാന ഇന്ത്യൻ ഭരണകൂടം ഒരിക്കലും യുദ്ധക്കൊതിയൻമാരായി,​ പാകിസ്ഥാനെ തകർക്കാൻ ശ്രമിക്കുന്നവരല്ല. ഭീകരരോട് ദാക്ഷിണ്യം വേണ്ട, കർശന നടപടിയെടുക്കുക എന്ന ആവശ്യമാണ് നരേന്ദ്രമോദിജി ഉന്നയിച്ചിട്ടുള്ളത്. പാകിസ്ഥാൻ ഭീകരരെ പരിപാലിക്കുന്നു, പരിശീലിപ്പിക്കുന്നു ഇന്ത്യയ്‌ക്കെതിരെ പ്രചോദിപ്പിക്കുന്നു എന്നതാണ് നമ്മുടെ ആക്ഷേപം. ഇന്ത്യയ്ക്കു നേരെ പാക് സഹായത്തോടെ കൊടുംഭീകരർ അഴിഞ്ഞാടുമ്പോഴും അവിടുത്തെ ഭരണകൂടം തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പതിവു മട്ടിൽ ഉറക്കെപ്പറഞ്ഞ് സ്വയം രക്ഷപ്പെടുന്നവരാണ്. ഇന്ത്യയെ ലോകത്തിന് മുന്നിൽ മുൾമുനയിൽ നിറുത്തി രണ്ട് ദിവസത്തോളം മുംബൈ ഭീകരാക്രമണം ആഘോഷിച്ച രാജ്യമാണ് പാകിസ്ഥാൻ. അന്ന് ഇന്ത്യയിൽ യു.പി.എ ഭരണമായിരുന്നു. ആക്രമണകാരികളിൽപ്പെട്ട കസബ് തൂക്കിലേറ്റപ്പെടും മുമ്പ് പാകിസ്ഥാൻ ആസൂത്രണം ചെയ്ത ഈ ഹീനകൃത്യത്തിന്റെ പശ്ചാത്തലം കുറ്റസമ്മതമൊഴിയിലൂടെ വെളിപ്പെടുത്തിയിട്ടും നമുക്ക് കാര്യമായിട്ടൊന്നും ചെയ്യാനായില്ല. ഇന്ത്യൻ സൈനികരെ പിടിച്ചുകൊണ്ടുപോയി തലയറത്ത് മാറ്റുകയും ചിലരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്തിട്ടും നിസ്സഹായതയുടെ വാൽമീകത്തിൽനിന്നും പുറത്തുവരാനോ ഗൗരവ നിലപാട് സ്വീകരിക്കാനോ നമുക്കായില്ല.
നരേന്ദ്രമോദിഭരണത്തിൽ കീഴിൽ ശഠനോട് ശാഠ്യമെന്ന നിലപാട് സ്വീകരിക്കാൻ രാജ്യത്തിനായതിൽ നമുക്കാശ്വസിക്കാം. മ്യാൻമർ കാടുകളിൽ ഭീകരർക്കെതിരെ ഇന്ത്യൻ പട്ടാളം നടത്തിയ മിന്നലാക്രമണം പൂർണ വിജയമായതോടെ നാം ചരിത്ര വിജയമാർജ്ജിക്കുകയായിരുന്നു. ഉറി ഭീകരാക്രമണത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് വഴി ഇന്ത്യ നേടിയ മുന്നേറ്റം ഇന്ത്യയുടെ ആത്മവിശ്വസത്തെ വാനോളം ഉയർത്തുകയാണുണ്ടായത്. ഇതിനൊക്കെ തീരുമാനമെടുത്ത നരേന്ദ്രമോദിയെന്ന നായകനെ വാഴ്ത്തപ്പെട്ടവനാക്കാൻ പ്രതിപക്ഷം എതിരായിരുന്നു.
ഇരുമ്പ് പഴുക്കുമ്പോൾ അടിക്കാൻ നന്നായി അറിയുന്നവർക്കേ അതിനെ ഉപയോഗിക്കാനാവുകയുള്ളു. മറിച്ച് ചുട്ടുപഴുത്ത ഇരുമ്പിനെ അട്ടത്ത് വച്ച് കാവലിരിക്കുന്നവർക്ക് ഫലസിദ്ധിയുണ്ടാവില്ല. ഈ രംഗത്തെ മുൻകാല സമീപനങ്ങൾ ഇന്ത്യൻ പരാജയം വിളിച്ചോതുന്നതാണ്. പുൽവാമ അക്രമണം ഇന്ത്യയ്ക്കുമേൽ കടുത്ത പ്രഹരശേഷി പതിപ്പിച്ച ഹീനകൃത്യത്തിൽപെടുന്നതാണ്. എല്ലാവരുടെയും കണക്കുകൂട്ടലുകൾ കാറ്റിൽപ്പറത്തി മോദി ശഠനോടു ശാഠ്യമെന്ന കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇന്ത്യൻ സൈനികരുടെ ബലിദാനം വൃഥാവിലാകില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നങ്ങളെ നേരിട്ടത്. ഇമ്രാൻ ഖാൻ പതിവുപോലെ തങ്ങൾക്കു പങ്കില്ലെന്ന പല്ലവി ആവർത്തിച്ചു. ഇതുകേട്ട് ഉറങ്ങുകയല്ല ഇന്ത്യ ചെയ്തത്. കൃത്യമായി തിരിച്ചടി,​ സൂക്ഷ്മമായി ആവിഷ്‌ക്കരിച്ചു നടപ്പാക്കി. ഇവിടെ അമ്പരന്നു പോയത് പാകിസ്ഥാനാണ്. രാജ്യം ഒറ്റക്കെട്ടായി നമ്മുടെ സൈനികരുടെ വിജയത്തിൽ ആഹ്ലാദവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് മുന്നേറുകയായിരുന്നു. അടി ഇരന്നുവാങ്ങുന്ന അയൽക്കാരനായ പാകിസ്ഥാന്റെ അപഥ സഞ്ചാരത്തിൽ അവർക്കുവേണ്ടി കണ്ണീർ വാർക്കാൻ ലോകസമൂഹത്തിൽ ആരുമുണ്ടായില്ല. വൈമാനികനായ അഭിനന്ദന്റെ മോചനത്തിലും നാട് ഒറ്റക്കെട്ടായി സന്തോഷിക്കുകയായിരുന്നു.


എന്നാൽ രാജ്യം ഒറ്റക്കെട്ടായി നീങ്ങുന്ന അഭിമാനകരമായ മുഹൂർത്തത്തിലും ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ തിമിരബാധയിലൂടെ പ്രശ്നങ്ങളെ കാണാനും അവതരിപ്പിക്കാനുമാണ് ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ പരസ്യ പ്രകടനവുമായി ഡൽഹി മുഖ്യമന്ത്രി '300' സീറ്റ് ബിജെപിക്കു തികയ്ക്കാൻ ഇനി എത്ര ജവാൻമാർ ജീവത്യാഗം ചെയ്യേണ്ടി വരുമെന്ന ചോദ്യം ഉയർത്തികൊണ്ട് രംഗത്ത് വരികയായിരുന്നു.
കേരളത്തിലെ സി.പി.എം സെക്രട്ടറിയും ഇതേനിലയിൽ ആക്ഷേപമുന്നയിച്ചു. മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ നേതാവും അഭിനന്ദനെ സ്വരാജ്യത്തിനു തിരിച്ചുകിട്ടിയതിന് പാക് പ്രധാനമന്ത്രിയേയും ക്രിക്കറ്റ് താരമായിരുന്ന കോൺഗ്രസ് നേതാവ് സിദ്ധുവിനെയും ശ്ലാഘിക്കുകയാണുണ്ടായത്. ഇന്ത്യാ-ചൈന യുദ്ധകാലത്ത് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയും, പാക് യുദ്ധകാലത്ത് ലാൽബഹദൂർ ശാസ്ത്രിയേയും, ബംഗ്ലാദേശ് മോചന യുദ്ധഘട്ടത്തിൽ ഇന്ദിരാഗാന്ധിയേയും പ്രകീർത്തിച്ചവർ എന്തേ ഇപ്പോഴത്തെ പ്രശ്നത്തിൽ വിശ്വവിജയിയായി രാജ്യത്തിന് നേട്ടം ഉറപ്പിച്ച നരേന്ദ്ര മോദിയെപ്പറ്റി മിണ്ടാൻ പാടില്ലെന്ന് ശഠിക്കുന്നു. യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങിയ ഇന്ത്യാ - പാക് ബന്ധം സമാധാനത്തിലേക്ക് ചുവടുവെച്ചാൽ നന്നാകുമെന്ന് നാമെല്ലാം ആശിക്കുന്നു. അനാവശ്യ വിവാദങ്ങളും പദപ്രയോഗങ്ങളും രാഷ്ട്രീയ കുറുക്കുവഴികളായി ഉപയോഗപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണിവിടെ. ഇസ്രയേലിന്റെ സഹായത്തോടെ ബി.ജെ.പി സൃഷ്ടിക്കുന്ന കൊടുംപാതകങ്ങളാണ് ഇപ്പോഴത്തേതെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത്തരം കപടമുഖങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.

( ലേഖകൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് )