ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ താനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാൻ കോൺഗ്രസ് സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമാക്രമണ സമയത്ത് റാഫേൽ യുദ്ധവിമാനം കൈവശമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഒരു യുദ്ധവിമാനവും നഷ്ടപ്പെടുമായിരുന്നില്ലെന്നാണ് താൻ പറഞ്ഞതെന്നും മോദി വിശദീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റാഫേൽ വിമാനം സമയത്ത് വാങ്ങിയിരുന്നുവെങ്കിൽ അത് വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നു എന്നാണ് പറഞ്ഞത്. എന്നാൽ, പ്രതിപക്ഷം ആരോപിച്ചത് താൻ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ്-മോദി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇന്ത്യാ ടുഡേ കോൺക്ലേവിൽ വച്ചാണ് റാഫേൽ വിമാനത്തിന്റെ കാര്യം മോദി പരാമർശിച്ചത്.
റാഫേൽ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്‌തെന്നും ഇന്ത്യയുടെ കൈവശം റാഫേൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമായേനെയെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ ശക്തികണ്ട് ഭീകരവാദികൾ ഭയന്നിരിക്കുകയാണ്. ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.