1999–ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമൊരുക്കുകയാണ് സംവിധായകൻ വിനയൻ. ആകാശഗംഗ 2 എന്ന പേരിൽ പുറത്തിറക്കുന്ന സിനിമയുടെ ഷൂട്ടിങ് ഏപ്രിലിലാണ് ആരംഭിക്കുന്നത്. തന്റെ അടുത്ത ചിത്രം ആകാശഗംഗ2 ആണെന്നും, ഈ ചിത്രത്തിനു ശേഷമായിരിക്കും മോഹൻലാലിനെ നായകനാക്കി വിനയൻ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കുക. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പണിപ്പുരയിൽ എത്തുന്നത് അതിന് ശേഷമായിരിക്കുമെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിലെ തന്നെ മികച്ച ഹൊറർ സിനിമയായിരുന്നു മുകേഷ്, ദിവ്യാ ഉണ്ണി, മയൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആകാശഗംഗ. പേടിപ്പെടുത്തുന്ന രംഗങ്ങളും ഗ്രാഫിക്സ് പരീക്ഷണളാലും സമ്പുഷ്ടമായ ചിത്രം 150ദിസത്തിൽ കൂടുതലാണ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.
ഇരുപത് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ പഴയ ചിത്രവുമായി ബന്ധമുണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇത്തവണ ചിത്രത്തിലെ യക്ഷിക്കായി ഒരു നായികയെ തേടുകയാണ് വിനയൻ. പോസ്റ്റിൽ തന്റെ പുതിയ നായികയെ തേടുന്ന വിവരവും പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.