മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ കിരീടം. സിബി മലയിൽ ഒരുക്കിയ കിരീടം പ്രണയവും ജീവിത സ്വപ്നങ്ങളുമെല്ലാം നഷ്ടമായ സേതുമാധവന്റെ കഥപറയുന്ന ചിത്രമായിരുന്നു. ഏറ്റവും മികച്ച വിജയചിത്രമായി മാറിയ സിനിമയ്‌ക്ക് പിന്നീട് ഒരു രണ്ടാം ഭാഗം ഒരുക്കിയിരുന്നു.
കൃപ ഫിലിംസ് ഒരുക്കിയ ചിത്രത്തിൽ സേതുമാധവന്റെ ജീവിതത്തിലെ തുടർച്ചകളായിരുന്നു ചെങ്കോലിൽ പറയുന്നത്. കിരീടം സിനിമയുടെ നിർമാതാവായാണ് ദിനേശ് പണിക്കർ ആദ്യമായി സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാൽ, കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിൽ നിർമാതാവായി ദിനേശ് പണിക്കർ ഇല്ലായിരുന്നു.
ചിത്രത്തിൽ തിലകന്റെ കഥാപാത്രത്തിന്റെ അധപതനമാണ് ചെങ്കോൽ എന്ന സിനിമയുടെ അധപതനത്തിന് കാരണമെന്ന് ദിനേശ് പണിക്കർ പറയുന്നു. കിരീടത്തിൽ ഓരോ കഥാപാത്രത്തിനും അവരുടേതായിട്ടുള്ള വ്യക്തിത്വമുണ്ടായിരുന്നു. ആദർശ ധീരനായ പൊലീസ് കഥാപാത്രമായിരുന്നു തിലകന്റേത്. സ്വന്തം മകനെ പോലും ജയിലിലടയ്‌ക്കാൻ മടിക്കുന്നില്ല.
റിപ്പോർട്ടുകൾ നെഗറ്റീവായി എഴുതാനും മടിക്കുന്നില്ല. അങ്ങനെയുള്ള ആ ധീരൻ സെക്കൻഡ് പാർട്ടിൽ സ്വന്തം മകളെ ഹോട്ടൽ റൂമിൽ കൊണ്ടുപോയി കാഴ്‌ചവയ്‌ക്കുന്ന കഥാപാത്രമായി മാറി. അത് പ്രേഷകർ പോലും അത്ര ഉൾക്കൊണ്ടില്ല. ഒരു പക്ഷെ കഥാപാത്രത്തിന്റെ വീഴ്ചയായിരിക്കാം. തിലകന്റെ കഥാപാത്രത്തിലെ അധപതനം ഈ സിനിമയെ വളരെയധികം താഴോട്ടുകൊണ്ടുപോയി.
മാത്രമല്ല, കിരീടത്തിലും കുറച്ച് വയലൻസ് ഉണ്ടായിരുന്നു. അത് കാണികൾക്ക് ആവേശമെന്നോണമായിരുന്നു. ആ രീതിയിലായിരുന്നു കഥാപാത്രം. ആ ഒരു രോക്ഷം സെക്കൻഡ് പാർട്ടിൽ ഇല്ല. ഇത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഒരു പാളിച്ചയും. കിരീടത്തിന്റെ ലെവലിൽ ചെങ്കോലിന് എത്താൻ സാധിച്ചിട്ടില്ല. എന്നാൽ, ചെങ്കോൽ എന്ന് ടെെറ്റിൽ നല്ല രീതിയിൽ ക്ലിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.