k-muraleedharan

തിരുവനന്തപുരം.യു.ഡി.എഫിൽ ഘടക കക്ഷികൾക്ക് അധിക സീറ്റ് നൽകാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷനുമായ കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു.കൗമുദി ടിവി യിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്.ആ സാഹചര്യം ഘടകകക്ഷികൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് മുരളീധരൻ പറഞ്ഞു.നിലവിൽ കോൺഗ്രസ് 16 സീറ്റുകളിൽ മത്സരിക്കും.കെ.പി.സി.സി പ്രസിഡന്റടക്കം സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.മത്സരത്തിനില്ലെന്ന് കെ.പി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്.എന്നാൽ വടകര മണ്ഡലത്തിൽ മുല്ലപ്പള്ളിയ്ക്കുള്ള ജയസാധ്യത പരിഗണിക്കുമ്പോൾ അദ്ദേഹം മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.ഉമ്മൻചാണ്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.കോൺഗ്രസ് പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന ലഭിക്കും.രണ്ടിൽ കുറയാത്ത സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകുമെന്നും മുരളി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽ ഉറച്ച മതേതരത്വ ഭരണം, കേരളത്തിൽ വിശ്വാസ സംരക്ഷണം, നരഹത്യക്കെതിരായ നിലപാട്, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുക. പിണറായി ഭരണത്തിന്റെ അഴിമതികളും തുറന്നുകാട്ടും. കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റിനു പുറമെ നോട്ടപ്പിശകുമൂലം നഷ്ടമായ നാലു മണ്ഡലങ്ങൾ അടക്കം 16 സീറ്റുകൾ ഉറപ്പാണ്.എന്നാൽ ലക്ഷ്യം ട്വന്റി ട്വന്റിയാണെന്ന് മുരളീധരൻ പറഞ്ഞു.