കൊച്ചി: ജെം ആൻഡ് ജുവലറി സ്‌കിൽ കൗൺസിൽ ഒഫ് ഇന്ത്യയും (ജി.ജെ.എസ്.സി.ഐ) ദേശീയ വൈദഗ്ദ്ധ്യ വികസന കോർപ്പറേഷനും (എൻ.എസ്.ഡി.സി) ചേർന്ന് കേന്ദ്ര വൈദഗ്ദ്ധ്യ വികസന സംരംഭക മന്ത്രാലയവുമായി ചേർന്ന് സ്വർണ വ്യാപാര, വ്യവസായ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ടുലക്ഷം രൂപയുടെ മൂന്നുവർഷത്തെ അപകട ഇൻഷ്വറൻസ് പരിരക്ഷയും 500 രൂപയും ലഭ്യമാക്കുന്നു.
രജിസ്‌റ്റർ ചെയ്യുന്നവർക്കെല്ലാം ഇതു ലഭിക്കുമെന്ന് ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ഡയറക്‌ടർ എസ്. അബ്‌ദുൾ നാസർ പറഞ്ഞു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തെ സംഘടിത മേഖലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. വർഷങ്ങളായി ചെയ്യുന്ന ജോലിയുടെ അംഗീകാരമെന്ന നിലയിലാണ് സർട്ടിഫിക്കറ്ര് നൽകുന്നത്. വൈദഗ്ദ്ധ്യം തെളിയിക്കുന്ന 81 വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് രജിസ്‌ട്രേഷൻ. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ യൂണിറ്ര് ഭാരവാഹികളുമായും തൊഴിലാളി സംഘനകളുമായും ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്താം.
2012 മുതൽ നിലവിലുണ്ടായിരുന്ന പദ്ധതിയാണിത്. എന്നാൽ, കേരളത്തിൽ ആദ്യമായാണ് നടപ്പാക്കുന്നതെന്ന് എസ്. അബ്‌ദുൾ നാസർ പറഞ്ഞു. ഒരുലക്ഷത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.