കോയമ്പത്തൂർ: ഇന്ത്യ സമാധാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ സൈന്യം കൈയൂക്ക് കാട്ടുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കോയമ്പത്തൂരിലെ സുലൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന 'പ്രസിഡന്റ്സ് കളർ പ്രസന്റേഷൻ" ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണ മികവിന് സേനാ യൂണിറ്റുകൾക്ക് രാഷ്ട്രപതി പ്രത്യേക ബഹുമതി സമ്മാനിക്കുന്ന ചടങ്ങാണിത്. ''അവസരോചിതമായി ഉയരാൻ സൈന്യത്തിലെ ധീരയോദ്ധാക്കൾക്ക് കഴിയുമെന്നതിൽ ആത്മവിശ്വാസമുണ്ട്. രാഷ്ട്രത്തിന് പ്രതിരോധം തീർക്കാൻ കഴിയുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് സൈന്യം നിലകൊള്ളുന്നത്. ആ ശൗര്യവും കഴിവുമാണ് ബലാകോട്ടിലെ ഭീകര ക്യാമ്പുകൾ തകർത്തതിലൂടെ രാജ്യം കണ്ടത്."- രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ സുലൂറിലെ 5 ബേസ് റിപെയർ ഡിപോട്ട്, തെലുങ്കാനയിലെ ഹകിംപേട്ട് എയർഫോഴ്സ് യൂണിറ്റുകൾക്കാണ് രാഷ്ട്രപതി പ്രസിഡന്റ്സ് കളേഴ്സ് സമ്മാനിച്ചത്. കേന്ദ്രത്തിന്റെ മേക്ക് ഇൻ ഇന്ത്യ കാമ്പെയിനിന്റെ ഭാഗമായി സേനയുടെ കിരൺ, ഡോണിയർ വിമാനങ്ങളെ പൂർണമായി അഴിച്ചുപണിത 5 ബേസ് റിപെയർ ഡിപോട്ടിന്റെ പരിശ്രമത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. 1965, 1971 വർഷങ്ങളിൽ ഇന്ത്യ-പാക് യുദ്ധത്തിൽ ഹകിംപേട്ട് എയർഫോഴ്സ് വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, ചീഫ് എയർമാർഷൽ ബി.എസ്. ധനോവ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.