രാജകീയം ...
വെസ്റ്റിൻഡീസിന്റെ ഏകദിന ടീമിലേക്കുള്ള ക്രിസ് ഗെയ്ലിന്റെ തിരിച്ചുവരവിനെ ഒറ്രവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
യൂണിവേഴ്സൽ ബോസ് എന്ന് തന്നെ എന്തുകൊണ്ടാണ് വിളിക്കുന്നതെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ എന്ന ജമൈക്കക്കാരൻ.
മുപ്പത്തൊമ്പതാം വയസിൽ ഏകദിനത്തിലെ ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിന്റെ ടെക്നിക്കലി ടാലന്റഡായ ബൗളർമാരെ അടിച്ച് കടലിൽ ഇട്ട് ഗെയ്ൽ കാണിച്ചത്രയും മാസൊന്നും ലോകക്രിക്കറ്റിൽ ഇന്നുവരെ ആരും കാണിച്ചിട്ടില്ല.
ക്രിക്കറ്റിൽ ഇതുവരെ കാണാത്ത ഇടിവെട്ട് റീ എൻട്രി!
വെസ്റ്റിൻഡീസിന്റെ ഉറങ്ങിക്കിടന്ന ലോകകപ്പ് മോഹങ്ങളെക്കൂടിയാണ് അയാൾ തന്റെ ബാറ്റ് കൊണ്ട് തട്ടിയുണർത്തിയത്.
ഗെയ്ൽ പകർന്ന് കൊടുത്ത ഊർജ്ജം ഏറ്റുവാങ്ങി ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന വിസ്മയ പ്രകടനം നടത്തിയ ജാസൺ ഹോൾഡറും സംഘവും ലോകകപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ മറ്റ് ടീമുകളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.
ഇംഗ്ലണ്ടിനെതിരെ ഗെയ്ൽ
ഒന്നാം ഏകദിനം
129 പന്തിൽ 135
(3 ഫോർ 12 സിക്സ്)
രണ്ടാം ഏകദിനം
63 പന്തിൽ 50
(1 ഫോർ 4 സിക്സ്)
നാലാം ഏകദിനം
97 പന്തിൽ 162
(11 ഫോർ 14 സിക്സ്)
അഞ്ചാം ഏകദിനം
27 പന്തിൽ 77
(5 ഫോർ 9 സിക്സ്)
4 മത്സരങ്ങളിൽ നിന്ന് 106.00 ശരാശരിയിൽ 424 റൺസ്. ഒരു പരമ്പരയിൽ നാലോ അതിൽ താഴെയോ ഇന്നിംഗ്സുകളിൽ നിന്ന് ഒരുതാരം ഇത്രയും റൺസ് നേടുന്നത് ഇതാദ്യം.
39 സിക്സാണ് പരമ്പരയിൽ ഗെയ്ൽ ആകെ നേടിയത്
ഒരു ഏകദിന പരമ്പരയിൽ ഏറ്രവും കുടുതൽ സിക്സ് നേടുന്ന താരമെന്ന തന്റെ തന്നെ റെക്കാഡാണ് ഗെയ്ൽ തിരുത്തിയത്. ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ആദ്യമായാണ് ഒരു താരം 30ൽ അധികം സിക്സ് നേടുന്നത്.
തന്റെ കരിയറിലെ 500 -ാം സിക്സിലൂടെ ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 14-ാമത്തെ താരമായി ഗെയ്ൽ. പരമ്പരയിലെ മാൻ ഒഫ് ദ സീരിസും ഗെയ്ൽ തന്നെ
ഇനി വെസ്റ്റിൻഡീസ് ജേഴ്സിയിൽ നാട്ടിൽ ഒരു പരമ്പരയിൽ കളിക്കാനാകില്ലെന്ന ചിന്തയാണ് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത്. വെസ്റ്റിൻഡീസ് ക്രിക്കറ്രിന് തന്നെ ഈ പരമ്പര ഉയിർത്തെഴുന്നേൽപ്പായി. ഇനി ഞങ്ങളെയെല്ലാവരും ബഹുമാനിക്കും.
ക്രിസ് ഗെയ്ൽ