കോയമ്പത്തൂർ: ബലാകോട്ടിലെ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി ആക്രമണം നടത്തിയെന്നും വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത് എത്രപേരെന്ന് വ്യോമസേന കണക്കാക്കാറില്ലെന്നും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കി.കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക വ്യോമസേനയല്ല. സർക്കാരാണ് അതു പറയേണ്ടതെന്നും കോയമ്പത്തൂരിലെ സുലൂർ വ്യോമസേനാകേന്ദ്രത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ധനോവ പറഞ്ഞു.
ബലാകോട്ട് ആക്രമണത്തിനുശേഷം ഇതാദ്യമായാണ് വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. ലക്ഷ്യത്തിൽ കൊള്ളിക്കണമെങ്കിൽ ഞങ്ങൾ കൊള്ളിച്ചിരിക്കും. അതല്ലെങ്കിൽ പിന്നെന്തിനാണു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചത്.
ബംഗളൂരു എയർ ഷോയിൽ ആകാശത്തുവച്ച് വിമാനങ്ങൾ കൂട്ടിയിടിച്ചതിനെക്കുറിച്ചും കശ്മീരിൽ ഹെലികോപ്ടർ തകർന്നതിനെക്കുറിച്ചും അന്വേഷിക്കും. ആക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അഭിനന്ദൻ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിറ്റ് ആണെങ്കിൽ അഭിനന്ദൻ വീണ്ടും വിമാനം പറത്തും
വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വീണ്ടും വിമാനം പറത്താൻ യോഗ്യനാണോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് വ്യോമസേന മേധാവി പറഞ്ഞു. വിമാനത്തിൽനിന്ന് ഇജക്ട് ചെയ്ത് ചാടുമ്പോൾ പരിക്കേൽക്കാൻ സാദ്ധ്യതയുള്ളതിനാലാണ്
പൂർണ മെഡിക്കൽ പരിശോധന നടത്തുന്നത്. ഫിറ്റ് ആണെങ്കിൽ അദ്ദേഹം വീണ്ടും യുദ്ധവിമാനങ്ങളുടെ കോക്പിറ്റിൽ കയറുമെന്നും ധനോവ പറഞ്ഞു.
റാഫേൽ സെപ്തംബറിലെത്തും
റാഫാൽ വിമാനങ്ങൾ സെപ്തംബറോടെ ഇന്ത്യയുടെ പട്ടികയിൽ എത്തുമെന്നും ധനോവ പറഞ്ഞു.
36 വിമാനങ്ങളുടെ കരാറിൽ ഒപ്പുവച്ചത് അതിനാലാണ്.ജാഗ്വാർ,മിഗ് 29, മിറാഷ് എന്നിവയ്ക്ക് പകരം തേജസ് എം.കെ -2 വിമാനങ്ങൾ ഉപയോഗിക്കും. അതേസമയം റാഫേൽ വിമാനം ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമായേനെയെന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ധനോവ പ്രതികരിച്ചില്ല. നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്ത വിമാനമാണ് മിഗ് 21. മികച്ച റഡാർ, വായുവിൽനിന്നു വായുവിലേക്കു തൊടുക്കാനാകുന്ന മിസൈലുകൾ, മികച്ച ആയുധ സംവിധാനം തുടങ്ങിയവ മിഗ് 21ൽ ഉണ്ട്.നമ്മുടെ എല്ലാ വിമാനങ്ങളും ശത്രുവിനെ നേരിടാൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.