മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഒരാഴ്ചയ്‌ക്കു ശേഷം: തുഷാർ
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ടി.വി. ബാബു, എ.ജി. തങ്കപ്പൻ, സുഭാഷ് വാസു, കെ. പത്മകുമാർ എന്നിവരടങ്ങിയ അഞ്ചംഗ സമിതിക്ക് രൂപീകരിച്ചു. ഇടുക്കി, ആലത്തൂർ, എറണാകുളം, വയനാട് എന്നിവിടങ്ങളിലാണ് പാർട്ടി മത്സരിക്കുന്നതെന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനു ശേഷം തുഷാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുസ്വീകാര്യതയുള്ള വ്യക്തികളെയും സ്ഥാനാർത്ഥികളാക്കും. വിജയസാദ്ധ്യതയുള്ള സീറ്റുകളാണ് ലഭിച്ചത്. താൻ മത്സരിക്കണമെന്ന് പാർട്ടി സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവും എെകകണ്ഠ്യേന ആവശ്യപ്പെട്ടു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ഈ നിർദ്ദേശം മുന്നോട്ട് വച്ചു. തനിക്ക് ഏത് സീറ്റ് തരാനും ബി.ജെ.പി തയ്യാറാണ്. ഇക്കാര്യത്തിൽ തന്റെ തീരുമാനം ഒരാഴ്ചയ്‌ക്കുശേഷം ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ മുഖ്യമന്ത്രി എത്തിയതിൽ അപാകതയില്ല. യോഗം ജനറൽ സെക്രട്ടറിയെ പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ സന്ദർശിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളായ ഫാ. റിജോ നെരുപ്പുകണ്ടം, ടി.വി. ബാബു, കെ. പത്മകുമാർ, എ.ജി. തങ്കപ്പൻ, സോമശേഖഖരൻ നായർ, രാജേഷ് നെടുമങ്ങാട്, സംഗീതാ വിശ്വനാഥൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.