ജനുവരി-ഫെബ്രുവരിയിൽ വളർച്ച 13.26%
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി വീണ്ടും ഉണർവിന്റെ ട്രാക്കിൽ. 2019 ജനുവരി-ഫെബ്രുവരി കാലയളവിൽ കയറ്റുമതി 13.26 ശതമാനം വർദ്ധിച്ച് 48,330 ടണ്ണിൽ എത്തിയെന്ന് കോഫീ ബോർഡ് വ്യക്തമാക്കി. 2018ലെ സമാനകാലയളവിൽ കയറ്റുമതി 42,670 ടണ്ണായിരുന്നു. കാപ്പി ഉത്‌പാദനത്തിലും കയറ്റുമതിയിലും ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റോബസ്‌റ്റ, അറാബിക്ക ഇനങ്ങളാണ് ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്.
റോബസ്‌റ്റ കയറ്റുമതി 26,545 ടണ്ണിൽ നിന്ന് 28.42 ശതമാനം ഉയർന്ന് 34,090 ടണ്ണിലെത്തി. 14.39 ശതമാനം വർദ്ധനയോടെ 11,156 ടൺ അറാബിക്ക കാപ്പിയും കയറ്റുമതി ചെയ്‌തു. 2018 ജനുവരി-ഫെബ്രുവരിയിൽ അറാബിക്ക കയറ്റുമതി 9,752 ടൺ ആയിരുന്നു. കാപ്പിയുടെ പുനർ-കയറ്റുമതി (റീ-എക്‌സ്‌പോർട്ട്) വിഭാഗത്തിലും മികച്ച വർദ്ധനയുണ്ടായി. 11,516 ടണ്ണിൽ നിന്ന് 13,392 ടണ്ണിലേക്കാണ് കുതിപ്പ്. എന്നാൽ, 'ഇൻസ്‌റ്റന്റ് കാപ്പി" കയറ്റുമതി നഷ്‌ടം രുചിച്ചു. 5,704 ടണ്ണിൽ നിന്ന് 3,047 ടണ്ണിലേക്കാണ് കയറ്റുമതി കുറഞ്ഞത്.