ബംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്ര അവശേഷിക്കവെ കർണാടകയിലെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. ചിഞ്ചോളി മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയായ ഉമേഷ് ജാദവ് രാജിവച്ചു. തിങ്കളാഴ്ച സ്പീക്കർ രമേഷ് കുമാറിന് രാജിക്കത്ത് സമർപ്പിച്ചു. രണ്ട് തവണ ചിഞ്ചോളിയിൽ നിന്ന് എം.എൽ.എയായ അളാണ് ഉമേഷ് ജാദവ്.
രാജിവച്ച എം.എൽ.എ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഉമേഷ് ജാദവിന്റെ സഹോദരൻ രാമചന്ദ്ര ജാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമേഷ് ജാദവ് ബി.ജെ.പിയിൽ ചേർന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് രാമചന്ദ്ര ജാദവ് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ ഗുൽബർഗ മണ്ഡലത്തിൽ നിന്ന് ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
അതേസമയം, ഉമേഷ് ജാദവിനെതിരെ കൂറ് മാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടക ഭരിക്കുന്ന കോൺഗ്രസ് -ജെ.ഡി.എസ് സഖ്യത്തെ തകർക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.