ജയ്പൂർ: അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യൻ വ്യോമസേന തകർത്തു. വ്യോമ വേധ മിസൈൽ ഉപയോഗിച്ചാണ് ഇന്ത്യ പാക് ശ്രമത്തെ പരാജയപ്പെടുത്തിയത്. തകർന്ന വിമാനം പാകിസ്ഥാൻ പ്രദേശത്ത് വീണതായാണ് വിവരം. രാജസ്ഥാനിൽ ഇന്ന് രാവിലെ 11.30ആണ് സംഭവം. പാകിസ്ഥാന്റെ ഏത് തരത്തിലുള്ള വിമാനമാണ് അതിർത്തി ലംഘിച്ചതെന്ന് വ്യക്തമല്ല.
ബികാനിർ സെക്ടറിലാണ് അതിർത്തി ലംഘിക്കാനുള്ള ശ്രമം ഉണ്ടായത്. സുഖോയ് 30എം.കെ.ഐ യുദ്ധവിമാനമാണ് പാക് ഡ്രോണിനെ നേരിട്ടത്. റഡാറിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പൈലറ്റില്ലാ വിമാനം വരുന്നത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രത്യാക്രമണം. സുഖോയ് വിമാനത്തിൽ നിന്നുള്ള മിസൈൽ ഏറ്റ പാകിസ്ഥാന്റെ ഡ്രോൺ പാക് അതിർത്തിക്കുള്ളിൽ ഫോർട്ട് അബ്ബാസിലാണ് തകർന്നുവീണത്.