drought-

തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ കോഴിക്കോട് ജില്ലയിൽ താപതരംഗത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ കഠിനമായ ചൂടിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കളക്ടർ നിർദ്ദേശിച്ചു. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബുധൻ, വ്യാഴം ദിവസങ്ങളിലാണ് താപതരംഗം ഉണ്ടാകാൻ സാദ്ധ്യതയുള്ളത്. താപനില 37 ഡിഗ്രി സെൽഷ്യസോ അതിന് മുകളിലേക്കോ ഉയരുക, ശരാശരി താപനിലയെക്കാൾ 4.5 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് കൂടുക എന്നിവയെ അടിസ്ഥാനമാക്കിയാണ് താപതരംഗത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. കോഴിക്കോട് ഏതാനും ദിവസങ്ങളായി 36.5 മുതൽ 37 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സ്കൂളുകളിൽ അസംബ്ലി ഉൾപ്പെടെ പുറത്തുള്ള പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനുമിടയിൽ നിർമ്മാണത്തൊഴിലാളികള്‍ക്ക് നിർബന്ധിത വിശ്രമം അനുവദിച്ചു. വടക്കൻ കേരളത്തിൽ പൊതുവെ ജലക്ഷാമവും രൂക്ഷമാണ്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ സൂര്യാഘാതവും നിർജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.