ന്യൂഡൽഹി: ബലാക്കോട്ടിലുണ്ടായ ഭീകരക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യോമാക്രമണത്തിന് മുന്നോടിയായി ബലാക്കോട്ടിൽ ഏകദേശം 300 ഓളം മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഏറ്റവും അവസാനം ലഭിക്കുന്ന വിവരം. ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 300ഓളെ ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന കണക്ക് ഇന്ത്യയ്ക്ക ലഭിച്ചത്.
ഭീകരക്യാമ്പ് ആക്രമിക്കാൻ ഇന്ത്യ പദ്ധതിയിട്ടതോടെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ (എൻ.ടി.ആർ.ഒ) പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നു. അങ്ങനെയാണ് പ്രവർത്തിക്കുന്ന മൊബൈലുകളുടെ എണ്ണം ലഭിക്കുന്നത്. ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാൻ ഇന്ത്യ 12 മിറാഷ് വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ആക്രമണത്തിൽ ഏത്ര ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കൃത്യമായ കണക്ക് കേന്ദ്രസർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ബാലാക്കോട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കണക്കിൽ കൃത്യത വരുത്തേണ്ടത് വ്യോമസേനയല്ല, സർക്കാരാണ്. എത്രപേർ കൊല്ലപ്പെട്ടു എന്നതല്ല സേന നോക്കുന്നത്, ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.