ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് കാർഡ് കാണിക്കുകയാണെങ്കിൽ കൊൽക്കത്തയിലും കറാച്ചിയിലും സൗജന്യ ചികിത്സയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദേശിച്ചത് സത്യത്തിൽ എന്തായിരുന്നു. പ്രസംഗത്തിനിടെ ഉണ്ടായ ഒരു നാവുപിഴ കാരണമാണ് മോദിക്ക് കറാച്ചിയെകുറിച്ച് പറയേണ്ടി വന്നത്. കൊച്ചിയെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രി കറാച്ചിയെന്ന് പറഞ്ഞത്. അടുത്ത കാലത്തായി മനസ് മുഴുവനും അയൽരാജ്യമാണെന്ന് തമാശ രൂപേണ പറഞ്ഞാണ് തന്റെ നാക്കുപിഴവിനെ മോദി രസകരമായി കൈകാര്യം ചെയ്തത്.
"ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗർ സ്വദേശിക്ക് ഭോപ്പാലിൽ വെച്ച് രോഗം വന്നാൽ അയാൾക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാൻ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കിൽ സൗജന്യ ചികിത്സ കൊൽക്കത്തയിലും കറാച്ചിയിലും ലഭിക്കും", ജാംനഗറിൽ നടന്ന പരിപാടിയിൽ വെച്ച് മോദി പറഞ്ഞു.
കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാൽ നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു. 'ആ വ്യോമാക്രമണം അത്യാവശ്യമായിരുന്നു. അത്‌ചെയ്യണമായിരുന്നോ അതോ ചെയ്യണ്ടായിരുന്നോ' എന്ന് ജനങ്ങളോട് മോദി ഉറക്കെ ചോദിച്ചു. ഏവരും അതേ എന്ന് ഉറക്കെ പറയുകയും ചെയ്തു.