ന്യൂഡൽഹി: വൈദ്യ പരിശോധനയിൽ ആരോഗ്യവാനെന്ന് തെളിഞ്ഞാൽ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വീണ്ടും വിമാനം പറത്തുമെന്ന് വ്യോമസേന തലവൻ ചീഫ് മാർഷൽ ബി.എസ്.ധനോവ. അഭിനന്ദൻ ഇനി വിമാനം പറത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വൈദ്യ പരിശോധന റിപ്പോർട്ടാണെന്ന് ധനോവ അറിയിച്ചു.
അഭിനന്ദൻ വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നും ആവശ്യമായ ചികത്സകൾ നൽകി വരുകയാണെന്നും വ്യോമ സേന മേധാവി പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ തിരികെ എത്തി വിമാനം പറത്തണമെന്നാണ് ആഗ്രഹമെന്ന് അഭിനന്ദൻ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദൻ മാർച്ച് ഒന്നിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. .