isha-foundation

കോയമ്പത്തൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ഇഷാ യോഗ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്നലെ കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ഇഷ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ആദിയോഗി ദിവ്യ ദ‌ർശൻ ലൈറ്റ് ആൻഡ് ലേസർ ഷോ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെ സേവിച്ചുകൊണ്ടുള്ള ജീവിതമാണ് ഏറ്റവും ധന്യമെന്നാണ് ആദിയോഗി നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാൻഗിരിയിലെ ഇഷ യോഗ സെന്ററിൽ നടന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കാളികളായി. ആദിയോഗി സാന്നിദ്ധ്യത്തിലുള്ള 25-ാമത് മഹാശിവരാത്രിയിൽ പുലർച്ചെവരെ നീണ്ട സാസ്കാരിക പരിപാടികൾ അരങ്ങേറി. ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ച പരിപാടികൾ ഇന്ന് രാവിലെ ആറുവരെ നീണ്ടു. അമിത് ത്രിവേദി,​ ഹരിഹരൻ,​ കാർത്തിക് തുടങ്ങി പ്രശസ്ത ഗായകർ നയിക്കുന്ന ഗാനമേളയും അസർബൈജാനിൽ നിന്നുളള വാദ്യകലാകാരന്മാരുടെ പരിപാടികളും അരങ്ങേറി.

സദ്ഗുരുവിന്റെ നേതൃത്വത്തിൽ ധ്യാനലിംഗ ക്ഷേത്രത്തിൽ നടന്ന പഞ്ചഭൂത ആരാധനയിൽ രാഷ്ട്രപതി പങ്കെടുത്തു. ലിംഗ ഭൈരവി ക്ഷേത്രം അദ്ദേഹം സന്ദർശിച്ചു.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേത‌ൃത്വത്തിലുളള മഹാധ്യാനമായ സത്‌സംഗിൽ ലക്ഷങ്ങൾ പങ്കാളികളായി.