ന്യൂഡൽഹി: മുൻ ബിജു ജനതാ ദൾ എം.പിയും ഒഡീഷയിലെ പ്രമുഖ നേതാവുമായ ഭായ്ജ്യന്ത് ജയ് പാണ്ഡെ ബി.ജെ.പിയിൽ ചേർന്നു. ഒഡീഷയിലെ കേന്ദ്രപാര മണ്ഡലത്തിൽ എം.പിയായിരുന്ന ജയ് പാണ്ഡെയെ ബി.ജെ.പി ബന്ധത്തെ തുടർന്ന് കഴിഞ്ഞ കൊല്ലം ബി.ജെ.ഡി പുറത്താക്കിയിരുന്നു. രണ്ടു തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാണ്ഡെ ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തെ ഞാൻ സ്വീകരിക്കുന്നെന്നും. ഇവരുടെ നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്ന് ജയ് പാണ്ഡെ അംഗത്വം സ്വീകരിക്കുന്നതിനിടെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിൽ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ബി.ജെ.പി ജയ് പാണ്ഡെയുടെ സ്വാധീനം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. 2014ൽ 21 ലോക്സഭാ സീറ്റുകളിൽ 20ലും ബി.ജെ.ഡി ജയിച്ചപ്പോൾ ബി.ജെ.പിക്ക് കേന്ദ്ര പട്ടികവർഗകാര്യ മന്ത്രിയായ ജുവൽ ഓറത്തിന്റെ മണ്ഡലമായ സുന്ദർഗഡ് മാത്രമാണ് ലഭിച്ചത്. ഒഡീഷയിൽ നവീൻ പട്നായിക് മന്ത്രിസഭയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് സൂചന. ജയ് പാണ്ഡെയെപ്പോലെ സ്വാധീനമുള്ള നേതാക്കളെ മറുപക്ഷത്തു നിന്ന് പാർട്ടിയിൽ കൊണ്ടുവന്ന് വിജയമുറപ്പിക്കാനാണ് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പദ്ധതി.