തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പറഞ്ഞു. അദ്ദേഹത്തിന് ഗവർണർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും ഒ. രാജഗോപാൽ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ കുമ്മനത്തെ മത്സരിക്കാൻ താനും പാർട്ടിയിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നു. ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെ. കുമ്മനത്തെ മടക്കിയെത്തിക്കാൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ.രാജഗോപാൽ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തരായവരെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളാക്കുന്നതിനോട് സംസ്ഥാന നേതൃത്വവും താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കുമ്മനത്തിന്റെ പേര് ഉയർന്നത്. അതേസമയം, കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് ആർ.എസ്.എസും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കുമ്മനത്തിന് പുറമെ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരെയാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റ് സ്ഥാനാർത്ഥികൾ. ശബരിമല വിഷയത്തിൽ സുരേന്ദ്രന്റെ ഇടപെടൽ ബി.ജെ.പിക്ക് വോട്ട് നോടിക്കൊന്നുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ തിരുവനന്തപുരം കഴിഞ്ഞാൽ പാർട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമായ പത്തനംതിട്ടയിൽ സുരേന്ദ്രനെ നിറുത്താൻ ആവശ്യം ഉയരുന്നുണ്ട്.