തിരുവനന്തപുരം: പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണ ഉള്ളതുപോലെ കേരളത്തിലും സി.പി.എമ്മും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. പശ്ചിമ ബംഗാളിൽ സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കേണ്ടെന്ന സി.പി.എം തീരുമാനത്തെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയിലാണെന്ന് തുറന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും സുരേന്ദ്രൻ ചാനൽ ചർച്ചയിൽ ചോദിച്ചു. സി.പി.എമ്മിന്റേത് പച്ചയായ അവസരവാദമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണ പരസ്യമായി സമ്മതിക്കാൻ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലും, മഞ്ചേശ്വരം, വട്ടിയൂർക്കാവ് നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം കോൺഗ്രസ് രഹസ്യ കൂട്ടുക്കെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. കാസർകോട് ജില്ലയിൽ നാല് പഞ്ചായത്തുകൾ ഭരിക്കുന്നത് സി.പി.എം കോൺഗ്രസ് കൂട്ടുക്കെട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കാര്യമായ റോളില്ലെന്നും സി.പി.എം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എൽ.ഡി.എഫിനെ യു.ഡി.എഫിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു