ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്നും ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയല്ലാതെ മറ്റുവഴിയില്ലെന്നും ഇറാൻ സർക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി.
സ്വന്തമായി അണുബോംബുകളുള്ള രാജ്യമായ പാക്കിസ്ഥാന് മേഖലയിലെ ഭീകരസംഘടനകളെ തകർക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇറാനിലെ ഐ.ആർ.ജി.സി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ ഖ്വാസം സുലൈമാനി ചോദിച്ചു. ഇറാന്റെ ക്ഷമ പാക്കിസ്ഥാൻ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ തടയുന്നതിനായി ഇറാൻ–പാക്ക് അതിർത്തിയിൽ മതിൽ നിർമിക്കണമെന്ന് ഇറാനിയൻ പാർലമെന്റിലെ വിദേശ നയ കമ്മിഷൻ ചെയർമാൻ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിർത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കാൻ പാക്കിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ ഇറാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരർക്ക് എന്തുകൊണ്ട് പാക്കിസ്ഥാൻ സുരക്ഷിത താവളമാകുന്നുവെന്ന കാര്യം പാക്ക് അധികാരികൾ വ്യക്തമാക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയോട് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥൻ യഹ്യ റഹീം സഫാവി ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്ക് ചാരസംഘടനയായ ഐഎസ്ഐയാണ് 45 മുതൽ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതെന്ന് ഇറാൻ മുന്‍ ഇന്റലിജൻസ് മേധാവിയും റഹ്മത്തുള്ള നബീൽ പറഞ്ഞു.