തിരുവനന്തപുരം : ശരവേഗത്തിൽ കുതിച്ച സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ ഇടയ്ക്ക് ഇഴഞ്ഞു നീങ്ങിയെങ്കിലും ഒടുവിൽ യാഥാർത്ഥ്യമാകുന്നു.
സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ട് വർഷമാകുമ്പോഴാണ് നിർമ്മാണം ആരംഭിക്കുന്നത്. മൂന്ന് പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിംഗും ഇന്ന് നടക്കും. മസ്കറ്റ് ഹോട്ടലിൽ ഉച്ചയ്ക്ക് 12ന് മന്ത്രി എ.സി. മൊയ്തീൻ സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നഗരത്തിലെ മൂന്ന് പാർക്കുകളിൽ ഓപ്പൺജിം, ഇൻഫർമേഷൻ കിയോസ്കുകൾ, ടോയ്ലറ്റ് നവീകരണം എന്നീ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുടക്കമാകുന്നത്.
കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്ക്, ഗാന്ധിപാർക്ക്, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിലാണ് ഓപ്പൺ ജിം സജ്ജമാകുന്നത്. നഗരസഭാ അങ്കണം, തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ, ഗാന്ധി പാർക്ക് എന്നിവിടങ്ങളിലാണ് ഇൻഫർമേഷൻ കിയോസ്ക് ഒരുങ്ങുന്നത്. വിദേശികൾക്ക് ഉൾപ്പെടെ നഗരത്തെ കുറിച്ച് അറിയാൻ കഴിയുന്ന വഴികാട്ടിയാണ് ഇൻഫർമേഷൻ കിയോസ്കുകൾ. നിലവിലുള്ള നഗരസഭയുടെ ആറ് ടോയ്ലറ്റുകളും ആദ്യഘട്ടത്തിൽ നവീകരിക്കും. ബസ്ഷെൽട്ടർ, അംഗൻവാടികളുടെ നവീകരണം, വാട്ടർകിയോസ്കുകൾ, പുതിയ ടോയ്ലറ്റുകൾ, ഇ-ആട്ടോ, ഇ-റിക്ഷ എന്നീ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കുള്ള ടെൻഡർ വിളിച്ചുകഴിഞ്ഞു.
ഏരിയ, പാൻസിറ്റി എന്നിങ്ങനെ രണ്ടുതരം വികസന പ്രവർത്തനങ്ങളാണ് സ്മാർട്ട്സിറ്റി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള ഒമ്പത് വാർഡുകൾ ഉൾക്കൊള്ളിച്ചാണ് ഏരിയാ വികസനം. 100 വാർഡുകളെയും ഉൾക്കൊള്ളുന്ന പാൻസിറ്റിയിൽ നഗരത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. 1538.2 കോടിയാണ് സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിനിയോഗിക്കുന്നത്.
കണക്ക് കൂട്ടൽ തെറ്റിച്ച് കൺസൾട്ടൻസി
സ്മാർട്ട് സിറ്റിയുടെ കൺസൾട്ടൻസിയായ ഐ.പി.ഇ ഗ്ലോബലാണ് നഗരസഭയുടെ കണക്ക് കൂട്ടൽ തെറ്റിച്ചത്. മുൻ നിശ്ചയിച്ച പ്രകാരമാണെങ്കിൽ ഇതിനോടകം സ്മാർട്ട് സിറ്റി നിർമ്മാണങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. വൈകിയ വേളയിലും മൂന്ന് പദ്ധതികൾക്ക് മാത്രമാണ് ഇന്ന് തുടക്കമാകുന്നത്. 10 ഫാസ്റ്റ് ട്രാക്ക് പദ്ധതികൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കാനാണ് നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും ആദ്യം തീരുമാനിച്ചിരുന്നത്. കൺസൾട്ടൻസിയെ ഇക്കാര്യം അറിയിച്ചെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് തുടക്കത്തിലെ ഉണ്ടായ മെല്ലെപ്പോക്ക് സ്മാർട്ട് സിറ്റിയെ പിന്നോട്ടടിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 15ന് മുമ്പായി 10 പദ്ധതികളുടെ ഡി.പി.ആർ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നങ്കിലും കമ്പനിക്ക് സാധിച്ചില്ല. തുടർന്ന് കമ്പനിക്ക് മേൽ പിഴ ചുമത്താൻ പോലും സ്മാർട്ട് സിറ്റി അധികൃതർ ആലോചിച്ചിരുന്നു.
തുടക്കം മുതൽ വെല്ലുവിളികൾ
കഴിഞ്ഞ വർഷം ജൂണിലാണു കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി ചാലഞ്ചിൽ നഗരസഭ ഒന്നാം സ്ഥാനത്ത് എത്തിയത്. പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ കണ്ടെത്തുന്ന കടമ്പ കടക്കാനാണ് ആദ്യം ബുദ്ധിമുട്ടിയത്. ടെൻഡറിലൂടെ കണ്ടെത്തിയ വാഡിയ ഗ്രൂപ്പിനെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയതാണെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് ആദ്യ ഏജൻസിയെ പുറത്താക്കി. മറ്റൊരു ഏജൻസിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെ ആദ്യം നിയോഗിച്ച സ്മാർട്ട് സിറ്റി സി.ഇ.ഒയും നഗരസഭയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത് പദ്ധതിയുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചു. ഒന്നര വർഷത്തിനിടെ മൂന്ന് സി.ഇ.ഒമാരാണ് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിലെത്തിയത്.
" 2020 ഓടെ സ്മാർട്ട് സിറ്റി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നഗരത്തിന്റെ സമസ്തമേഖലയെയും സ്പർശിക്കുന്നവിധത്തിലുള്ള വികസന പദ്ധതികളാണ് നപ്പിലാക്കുന്നത്. ആദ്യഘട്ടത്തിലുണ്ടായ കാലതാമസം ഇനിയുണ്ടാകില്ല."
- വി.കെ. പ്രശാന്ത്
മേയർ