നേമം: ഉപഭോക്താക്കൾക്ക് ശുദ്ധമായ പാൽ വിതരണം ചെയ്ത് എഴുപത് വർഷമായി പ്രവർത്തിക്കുന്ന ക്ഷീര സംഘടനയാണ് നേമം ഗോരസ വ്യവസായ സഹകരണ സംഘം. പാലിന്റെ ഗുണമേന്മ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് സംഘത്തിന്റെ വിജയത്തിന് കാരണം. മാത്രമല്ല മാതൃകാപരമായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യബോധവുമാണ് സംഘത്തെ മുന്നോട്ട് നയിക്കുന്നത്. ശാന്തിവിള മാർക്കറ്റിന് എതിർവശം 35 സെന്റിൽ പ്രവർത്തിക്കുന്ന ഫാമും മേലാംകോട് കളക്ഷൻ സെന്ററിനുള്ള സ്ഥലവും ഗോരസയുടെ കീഴിലാണ്. കൂടാതെ ശാന്തിവിള ന്യൂ യു.പി.എസ് പ്രവർത്തിക്കുന്ന 1.60 ഏക്കർ സ്ഥലം സംഘത്തിന്റെ പേരിലുള്ളതാണ്. നേമം, പൊന്നുമംഗലം, കല്ലിയൂർ പഞ്ചായത്തിന്റെ കുറച്ചു ഭാഗം, മേലാംകോട് മേഖലകളാണ് സംഘത്തിന്റെ അധികാര പരിധിയിലുള്ളത്. ശാന്തിവിളയിൽ പ്രവർത്തിക്കുന്ന ഫാമിൽ ജേഴ്സി, ബ്രൗൺ, കൂടാതെ യൂറോപ്യൻ ഇനമായ ഹോൾസ്റ്റീൻ ഫ്രീസിയൻ (എച്ച്.എഫ്),എന്നീ വിഭാഗത്തിൽപ്പെട്ട കിടാക്കൾ ഉൾപ്പെടെ 23 പശുക്കളുണ്ട്. നിത്യേന 200 ലിറ്റർ പാൽ ഫാമിൽ നിന്നു മാത്രം ലഭിക്കും.
കാർഡ് സംവിധാനം
ശുദ്ധമായ പശുവിൻ പാലിന് ആവശ്യക്കാർ കൂടുതലായതിനാൽ 15 ദിവസത്തേക്ക് മുൻകൂർ തുക അടച്ച് കാർഡ് പതിക്കും. ഇങ്ങനെയാണ് പാൽ വിതരണം നടക്കുന്നത്. കാലിത്തൊഴുത്തിന്റെ നിർമ്മാണത്തിന് മിൽക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം 3 ലക്ഷം രൂപയുടെ സബ്സിഡിയും ലഭിച്ചു.
ഗുണനിലവാര പരിശോധനയ്ക്ക് മാർഗങ്ങൾ
പാലിന്റെ ഗുണനിലവാരം പരിശോധിക്കാനായി മിൽകോ ടെസ്റ്റ്, ലാക്റ്റോ മീറ്റർ, മിൽക് അനലൈസർ എന്നീ സംവിധാനങ്ങളുണ്ട്. കൂടാതെ വെള്ളം അല്ലാത്ത മറ്റു മായങ്ങൾ ബ്ലോട്ടിംഗ് പേപ്പർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. ഡെയറി ഡെവലപ്മെന്റ് ഡിപാർട്ട്മെന്റ് അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കിയത്.
കർഷകർക്ക് ക്ലാസുകൾ
സർക്കാർ നൽകുന്ന സബ്സിഡികളെ കുറിച്ച് കർഷകർക്ക് കൃത്യസമയത്ത് വിവരം നൽകാറുണ്ട്. കൂടാതെ വെറ്ററിനറി ഓഫീസർമാരുടെ ക്ലാസുകളും സംഭരണ കേന്ദ്രത്തിൽ നടത്തുന്നതിന് പ്രത്യേകം മുറികൾ നിർമ്മിച്ചിട്ടുണ്ട്. കർഷകർക്ക് പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സബ്സിഡികൾ ലഭിക്കുന്നതിനും വിദഗ്ദ്ധരുമായുള്ള ചർച്ചകൾ പ്രയോജനപ്പെടുന്നുണ്ട്.
സംഘത്തിൽ 9 കമ്മിറ്റി അംഗങ്ങളും 4 ജീവനക്കാരുമുണ്ട്. കേരളത്തിൽ സ്വന്തമായി സ്കൂൾ ഉള്ള ഏക ക്ഷീര സംഘമാണ് നേമം
ഗോരസ വ്യവസായ സഹകരണ സംഘം.
പ്രേമചന്ദ്രൻ (സെക്രട്ടറി)