തിരുവനന്തപുരം : ഐ.ടി നഗരമായ കഴക്കൂട്ടത്തിന് അലങ്കാരമായി മഹാത്മ അയ്യങ്കാളി പാർക്ക് നാളെ തുറക്കും.
കുമിഴിക്കര കുളത്തിനു സമീപം നഗരസഭ 16 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മിനിപാർക്കിന്റെയും അയ്യങ്കാളി പ്രതിമയുടെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും.
കുളത്തിന് സമീപം ചെടികളും പൂക്കളും കൊണ്ടു നിറഞ്ഞ വർണാഭമായ പാർക്ക് നഗരമദ്ധ്യത്തിലെ
വിശ്രമകേന്ദ്രമാണ്. ഔഷധച്ചെടികളാലും പൂക്കളാലും സമ്പന്നമാണ് പാർക്കും പരിസരവും. ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, പുൽത്തകിടി എന്നിവയും ഒരുക്കിയിട്ടുണ്ട്. കുമിഴിക്കര കുളത്തിനു സമീപത്തെ പുറമ്പോക്കു ഭൂമിയിലാണു പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന അയ്യങ്കാളിയുടെ ചെറിയ പ്രതിമ മാറ്റി കെ.പി.എം.എസാണ് പുതിയ പൂർണകായ പ്രതിമ സ്ഥാപിച്ചത്. കെ.പി.എം.എസ് യൂണിറ്റ് ഒരു ലക്ഷം രൂപ പ്രതിമയ്ക്കായി നൽകി. പരിപാലനത്തിനായി പ്രദേശവാസികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.
കൂടുതൽ വിശാലമാകും
രണ്ടാംഘട്ടത്തിൽ പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കുളം വൃത്തിയാക്കും. പാർക്കിന്റെ സംരക്ഷണത്തിനായി സ്ഥലവാസികളെ ഉൾപ്പെടുത്തി സമിതിയും രൂപീകരിക്കും. കുളത്തിന്റെ അതിർത്തിയിൽ രാമച്ചവും വച്ചുപിടിപ്പിക്കും. നൂറിലധികം സസ്യങ്ങളാണു പൂന്തോട്ടത്തിനായി കണ്ടെത്തുന്നത്. വാർഡിൽ വെട്ടുറോഡ് മാർക്കറ്റ് നവീകരണ പദ്ധതിയിൽ ഓപ്പൺ സ്റ്റേജും കുട്ടികളുടെ പാർക്കും കളിസ്ഥലവും നിർമിക്കുന്നുണ്ട്. ഇതു ഉടൻ പൂർത്തിയാകും.
"നഗരത്തിലേക്കുള്ള പ്രവേശനകവാടമായ കഴക്കൂട്ടത്തിന്റെ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ പാർക്ക് സംരക്ഷിക്കും. രണ്ടാംഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും."
- വി.കെ. പ്രശാന്ത്
മേയർ