തിരുവനന്തപുരം: കാടിന്റെ കുളിർമയും വന്യതയുമൊക്കെ ആസ്വദിക്കാൻ ഇനി നഗരവാസികൾക്ക് കിലോമീറ്രറുകളോളം സഞ്ചരിക്കുകയോ കാട് തേടി അലയുകയോ വേണ്ട. കനകക്കുന്നിലെത്തിയാൽ മതി. കാടാകാൻ ഒരുങ്ങുകയാണ് കനകക്കുന്ന്. അതും ജാപ്പനീസ് കാട്.
ലോകപ്രശസ്തനായ ജപ്പാനീസ് ബൊട്ടാണിസ്റ്റ് ‘അക്കിര മിയാവാക്കി’ യുടെ ‘മിയാവാക്കി വനം’ കനകക്കുന്ന് സൂര്യകാന്തിയിൽ തഴച്ചുവളരുകയാണ്. ഒരു തുണ്ട് തരിശ് ഭൂമി പോലും മാസങ്ങൾ കൊണ്ട് സ്വാഭാവിക വനമാകുന്ന വിദ്യയാണ് മിയാവാക്കി. ഇൻവിസ് മൾട്ടി മീഡിയ കമ്പനി സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൂര്യകാന്തിയിൽ വനം നിർമിച്ചിരിക്കുന്നത്. കാടിന് വിത്ത് പാകിയിട്ട് രണ്ട് മാസമായെങ്കിലും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചത്.
ലോകമെമ്പാടും പ്രചാരത്തിലുള്ള ഈ നവീനരീതിയിൽ ഇന്ത്യയിൽ പലയിടങ്ങളിലും ഒട്ടേറെ ചെറുവനങ്ങൾ ഉയർന്നതിന്റെ തുടർച്ചയാണ് കനകക്കുന്നിലും. ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് അതിൽ ജൈവമാലിന്യങ്ങൾ നിറച്ച അടിസ്ഥാനമാണ് വനത്തിന് വേരോടാൻ ഒരുക്കിയത്. അതിന് മുകളിലായാണ് ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും നിറച്ച മിശ്രിതം രണ്ടടിയോളം കനത്തിൽ നിരത്തുന്നത്.
ഏത് ചെടിക്കും കണ്ടാൽ ഒന്ന് വളരാൻ തോന്നുന്ന മണ്ണിലേക്കാണ് ഗ്രോബാഗിൽ വളർത്തിയ തൈകൾ മാറ്റി നട്ടത്. മാവ്, പ്ളാവ്, പേര, അത്തി, ഇത്തി, അരയാൽ, നീർമാതളം തുടങ്ങിയ പലതരം മരക്കുഞ്ഞുങ്ങൾ. എല്ലാം നാടൻ. അഞ്ച് സെന്റ് സ്ഥലത്ത് എണ്ണൂറോളം ചെടികളാണ് നട്ടിട്ടുള്ളത്. ഒരു ചതുരശ്ര മീറ്ററിൽ നാല് തൈകൾ എന്ന കണക്കിൽ ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഈർപ്പം പുറത്തുപോകാതെ വൈക്കോൽപ്പുതപ്പ്. ചുറ്റും ചെറുമതിൽ കെട്ടി അതിനു മുകളിൽ കമ്പിവല പടർത്തിയാണ് മിയാവാക്കിക്ക് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
കുറച്ചുകാലം കഴിഞ്ഞാൽ ആളിന് ഉള്ളിൽ കടക്കാൻ പറ്റാത്ത മട്ടിൽ ഇടതിങ്ങി ‘വനമതിൽ’ വളരുമെന്നാണ് പ്രതീക്ഷ. അതിനായി ചാണകം വാരിയും മണ്ണു കോരിയും വൈക്കോൽ വിതറിയും വനമൊരുക്കിയത് ‘ഇൻവിസി’ന്റെ ഉദ്യോഗസ്ഥർ തന്നെ. അടുപ്പിച്ചു നട്ടാൽ സൂര്യപ്രകാശം കിട്ടാതെ ചെടികൾ നശിക്കുമെന്ന പരമ്പരാഗത കൃഷിയറിവിന്റെ പാഠഭേദമാണ് മിയാവാക്കി. മൂന്ന് വർഷം കൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള വനത്തിന്റെ രൂപം. അതാണ് മിയാവാക്കി എന്ന മാന്ത്രിക ജാലം.
സൂര്യപ്രകാശത്തിനായി പരസ്പരം മത്സരിച്ചു ചെടികൾ വേഗത്തിൽ വളരുമെന്ന സത്യം. ഈ വനവളർച്ച കനകക്കുന്നിലെത്തിയാൽ സഞ്ചാരികൾക്ക് നേരിട്ട് കാണാം. നേച്ചേഴ്സ് ഗ്രീൻ എന്ന സംഘടനയുടെ കൂടി പിന്തുണയോടെയാണ് ഇൻവിസ് വനം ഒരുക്കുന്നത്.