champions-legue

പാരീസ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് തീപാറും പോരാട്ടം. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്രർ യുണൈറ്റഡും ഫ്രഞ്ച് സുൽത്താൻമാരായ പാരിസ് സെയിന്റ് ജെ‌ർമ്മയിനും തമ്മിലുള്ള നിർണായക മത്സരത്തിലേക്കാണ് ഫുട്ബാൾ പ്രേമികൾ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ് മത്സരം. മറ്രൊരു മത്സരത്തിൽ ഇറ്രാലിയൻ ക്ലബ് എ.എസ്. റോമ പോർച്ചുഗീസ് സൂപ്പർ ടീം എഫ്.സി. പോർട്ടോയെ അവരുടെ തട്ടകത്തിൽ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ്.

ഗ്ലാമർ പോര്

പാരീസിലെ പാർക്കെ ദെ പ്രിൻസിൽ ആതിഥേയരായ പാരിസ് സെയിന്റ് ജെർമ്മയിനും മാഞ്ചസ്റ്രർ യുണൈറ്രഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. മാഞ്ചസ്റ്രറിൽ നടന്ന ആദ്യ പാദത്തിൽ യുണൈറ്റഡിനെ മറുപടയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിക്കാനായതിന്റെ മുൻതൂക്കം പി.എസ്.ജിക്കുണ്ട്. ഒലെ ഗുണ്ണർ സോൾഷേർക്ക് കീഴിൽ തകർപ്പൻ പ്രകടനം നടത്തുന്ന യുണൈറ്രഡിനെ പക്ഷേ ആരും എഴുതിത്തള്ളുന്നില്ല. എപ്പോൾ വേണമെങ്കിലും മത്സരത്തിന്റെ ഗതി മാറ്രി മറിക്കാൻ കഴിയാവുന്നവരുടെ സംഘമാണ് ഇപ്പോൾ യുണൈറ്രഡ്. അതേസമയം ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ട പ്ലേമേക്കർ പോൾ പോഗ്ബയ്ക്ക് ഇന്ന് കളിക്കാൻ കഴിയാത്തത് യുണൈറ്രഡിന് തിരിച്ചടിയാണ്. ലിൻഗാർഡ്,​ ആന്ദ്രേ ഹെരേയ്‌ര,​അലക്സി സാഞ്ചസ്,​ മാട്ട,​ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായതും യുണൈറ്റഡിനെ പ്രതിസന്ധിയിലാക്കുന്നു. ലൂക്കാക്കു,​ റാഷ്ഫോർഡ്,​ യംഗ് തുടങ്ങിയ യൂട്ടിലിട്ടി പ്ലയേഴ്സ് യുണൈറ്രഡിന് മുതൽക്കൂട്ടാണ്.

മറുവശത്ത് സൂപ്പർ താരം നെയ്മർ പരിക്കേറ്റതിനാൽ ടീമിലില്ലാത്തതാണ് പി.എസ്.ജിയുടെ പ്രധാന തിരിച്ചടി.എന്നാൽ ആദ്യ പാദത്തിൽ നെയ്മർ ഇല്ലാതിരുന്നിട്ടും യുണൈറ്രഡിനെ അവരുടെ തട്ടകത്തിൽ തകർക്കാനായത് പി.എസ്.ജിയുടെ ആത്മ വിശ്വാസം കൂട്ടുന്ന ഘടകമാണ്. എഡിസൺ കവാനിയുടെ പരിക്കും പി.എസ്.ജിക്ക് തലവേദനയാണ്. എന്നാൽ എംബാപ്പെ,​ ഡി മരിയ എന്നിവരെല്ലാം ഉൾപ്പെടുന്ന പി.എസ്.ജി നിര ഏറെ അപകടകാരികൾ തന്നെയാണ്. മാഞ്ചസ്റ്ററിൽ എല്ലാവരും അത് കണ്ടതുമാണ്.

ഒന്നാം പാദത്തിൽ പി.എസ്.ജി 2-0ത്തിന് ജയിച്ചു

ഗോൾ നേടിയത് കിംബാപ്പയും എംബാപ്പയും

സസ്പെൻഷൻ: മാഞ്ചസ്‌റ്ററിന്റെ പോൾ പോഗ്ബ

പരിക്ക്: നെയ്മർ,​ കവാനി (പി.എസ്.ജി)​

ലിൻഗാർഡ്,​ ആന്ദ്രേ ഹെരേയ്‌ര,​അലക്സി സാഞ്ചസ്,​ മാട്ട,​ മാറ്രിച്ച് (യുണൈറ്രഡ്)​

2016ലാണ് പി.എസ്.ജി അവസാനമായി ക്വാർട്ടറിൽ കളിച്ചത്.

2014 ലാണ് യുണൈറ്രഡ് അവസാനമായി ക്വാർട്ടറിൽ എത്തിയത്.

തകർപ്പൻ പോര്

സ്വന്തം തട്ടകത്തിൽ പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർക്കാനായതിന്റെ മുൻഗണന എ.എസ്. റോമയ്ക്കുണ്ട്. എന്നാൽ സ്വന്തം ഗ്രൗണ്ടായ സ്റ്റേഡിയോ ഡു ഡ്രാഗയിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തോറ്റിട്ടില്ലെന്നത് പോർട്ടോയ്ക്ക് ശുഭ പ്രതീക്ഷ നൽകുന്നു. കസീയസിന്റെ കൈകൾ ഇന്ന് ചോരില്ലെന്ന് തന്നെ പോർട്ടോയുടെ ആരാധകർ വിശ്വസിക്കുന്നു. അതേ സമയം സെക്കോയും മനോലോസും സാനിയോളയും നിരാശപ്പെടുത്തില്ലെന്നാണ് റോമയുടെ പ്രതീക്ഷ.

ഒന്നാം പാദത്തിൽ റോമ 2-1ന് ജയിച്ചു.

റോമയുടെ രണ്ട് ഗോളും നേടിയത് സാനിയോള. പോർട്ടായ്ക്കായി ലക്ഷ്യം കണ്ടത് അഡ്രിയാൻ ലോപസ്

സസ്‌പെൻഷൻ:രണ്ട് ടീമിലെയും ആർക്കും സസ്പെൻഷനില്ല.

പരിക്ക്: സെൻഗിസ് ഉൻഡർ (റോമ), പോർട്ടോയുടെ ആർക്കും പരിക്കില്ല.

ഇതുവരെ മുഖാമുഖം വന്ന അഞ്ച് മത്സരങ്ങളിൽ പോർട്ടോ രണ്ടെണ്ണത്തിൽ ജയിച്ചു. റോമ ജയിച്ചത് ഒരെണ്ണത്തിൽ. രണ്ടെണ്ണം സമനിലയായി.

2015ലാണ് പോർട്ടോ അവസാനമായി ക്വാർട്ടറിൽ എത്തിയത്.