തിരുവനന്തപുരം: കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമായ ഇന്നലെ നാടും നഗരവും ശിവമന്ത്രങ്ങളിൽ നിറഞ്ഞ് ശിവരാത്രി ആഘോഷിച്ചു. വ്രതമനുഷ്ഠിച്ചും ഉറക്കമൊഴിഞ്ഞും ഭക്തർ ശിവപൂജയിൽ മുഴുകി. വ്രതം നോറ്റ് ആയിരങ്ങൾ പുലർച്ചെ മുതൽ ദർശനപുണ്യം തേടി എത്തിയതോടെ ക്ഷേത്രാങ്കണങ്ങൾ മന്ത്രമുഖരിതമായി.
ശിവരാത്രിയോടനുബന്ധിച്ച് നഗരത്തിലെ മഹാദേവ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരുന്നു. എല്ലാ ശിവക്ഷേത്രങ്ങളിലും പകലും രാത്രിയുമായി പ്രത്യേക പൂജകളും പ്രസാദമൂട്ടും എഴുന്നള്ളത്തും യാമപൂജയും നടന്നു. ധാര, കൂവളമാല, ക്ഷീരാഭിഷേകം, ഭസ്മാഭിഷേകം, ഇളനീർ അഭിഷേകം, വില്വാർച്ചന, ഉമാമഹേശ്വരപൂജ, ദമ്പതിപൂജ തുടങ്ങിയവയായിരുന്നു പ്രധാന വഴിപാടുകൾ. കാളകൂട വിഷം ഭുജിച്ച മഹാദേവന്റെ ജീവനു വേണ്ടി പാർവതീദേവി ഉറക്കമൊഴിഞ്ഞു പ്രാർത്ഥിച്ചതിന്റെ ഓർമ്മയിൽ രാത്രി ശിവസന്നിധിയിൽ നാമജപങ്ങളോടെ ഉറക്കമൊഴിയാനായി നൂറുകണക്കിനു ഭക്തരാണ് ക്ഷേത്രങ്ങളിൽ എത്തിയത്. ക്ഷേത്രങ്ങളിലെല്ലാം രാവെളുക്കുവോളം കലാപരിപാടികളുമുണ്ടായിരുന്നു. ശിവപ്രീതിക്കായി 12 ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ശിവാലയ ഓട്ടത്തിലും നഗരത്തിൽനിന്നു നിരവധി ഭക്തർ പങ്കെടുത്തു. ശിവരാത്രി വ്രതം അനുഷ്ഠിച്ച ഭക്തർ ഇന്നു രാവിലെ കുളിച്ച് ക്ഷേത്രത്തിലെത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കും.
നഗരത്തിലെ പ്രധാന ശിവക്ഷേത്രമായ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലായിരുന്നു എറെ തിരക്ക്. രാവിലെ ആറിന് അഖണ്ഡനാമജപത്തോടെയാണ് ശിവരാത്രി ഉത്സവത്തിന് തുടക്കമായത്. തുടർന്ന് അഹോരരാത്രം ഘൃതധാര, ഹാലാസ്യ പാരായണവും നടന്നു. രാത്രി പ്രദോഷശീവേലി എഴുന്നള്ളത്ത് നടന്നു. മഹാ മൃത്യുഞ്ജയഹോമം, ഭസ്മാഭിഷേകം, ഘൃതധാര, അഖണ്ഡനാമജപ യജ്ഞം, ശിലപൂജ, പൂപ്പട, ഗുരുസി എന്നിവയായിരുന്നു പ്രധാന പൂജകൾ. ശിവനാമ കൃതികൾ, ശിവലിംഗാഷ്ഠകം, ശിവപഞ്ചാക്ഷര സ്തോത്രം എന്നിവ ഉൾപ്പെടുത്തിയ അഖണ്ഡ സംഗീതാർച്ചനയും നടന്നു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. തിരക്ക് പരിഗണിച്ച് സുരക്ഷയ്ക്കും പാർക്കിംഗിനുമായി വിപുലമായ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു.
വലിയശാല ശിവക്ഷേത്രം, തളിയൽ മഹാദേവ ക്ഷേത്രം, കുശക്കോട് ശിവക്ഷേത്രം, ശാസ്തമംഗലം മഹാദേവക്ഷേത്രം, ചെങ്കള്ളൂർ മഹാദേവ ക്ഷേത്രം, തിരുമല കുശക്കോട് ക്ഷേത്രം, കേളേശ്വരം മഹാദേവ ക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം തുടങ്ങിയിടങ്ങളിലും വൻ ഭക്തജന പ്രവാഹമായിരുന്നു.
വലിയശാല കാന്തളൂർ ശിവക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രക്ഷേത്രം, പേരൂർക്കട മണികണ്ഠേശ്വരം ക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രം, കവടിയാർ മഹാദേവക്ഷേത്രം, പാപ്പനംകോട് തുമരിമുട്ടം ക്ഷേത്രം, മേനംകുളം അർദ്ധനാരീശ്വര ക്ഷേത്രം, പോത്തൻകോട് അയണിയർത്തല തമ്പുരാൻ ക്ഷേത്രം, ഉള്ളൂർ മൂലയിൽകോണം മഹാദേവ ക്ഷേത്രം, കുമാരപുരം ഗുരുദേവ ക്ഷേത്രം, വെയിലൂർക്കോണം മഹാദേവർ ചാമുണ്ഡി ക്ഷേത്രം, മുട്ടത്തറ നീലകണ്ഠേശ്വര ക്ഷേത്രം, കണ്ണേറ്റുമുക്ക് ഭൂതനാഥസ്വാമി ക്ഷേത്രം, കവടിയാർ ബാലസുബ്രഹ്മണ്യ ക്ഷേത്രം, ഇളംകുളം മഹാദേവക്ഷേത്രം, ഗാന്ധാരി അമ്മൻകോവിൽ കാലഭൈരവ ക്ഷേത്രം, കാലടി മഹാദേവ ക്ഷേത്രം, കോട്ടപ്പുറത്തുകാവ് മഹാദേവ ക്ഷേത്രം, കീഴൂർ നെട്ടറത്തല മഹാദേവ ക്ഷേത്രം, വെയിലൂർക്കോണം മഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രം, മണ്ണടി ഭഗവതി മഹാദേവർ ക്ഷേത്രം, പേട്ട ശിവക്ഷേത്രം, ആനയറ വലിയ ഉദേശ്വരം മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ശിവരാത്രി ഉത്സവം നടക്കുകയാണ്. ഇവിടങ്ങളിലും ഭക്തജനങ്ങളുടെ തിരക്കുണ്ടായി.