തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വിധിയുടെ ക്രൂരതയിൽ ഭിന്നശേഷിക്കാരായി തീർന്നവർക്ക് കാണാൻ സാധിക്കാതെ പോയ ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യത്തെ ഭിന്നശേഷിക്കാർക്ക് കാട്ടിക്കൊടുക്കാനും അനുഭവവേദ്യമാക്കാനുമായി പുത്തൻ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്.
നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 120 ടൂറിസം ഡെസ്റ്റിനേഷനുകൾ ഇനി മറ്റുള്ളവർക്കൊപ്പം ഭിന്നശേഷിക്കാർക്കും ആസ്വദിക്കാൻ കഴിയും. ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം നിർവഹിച്ചതോടെ ടൂറിസം മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയിരിക്കുന്നത്.
പദ്ധതി തയ്യാറാക്കിയതും ഭിന്നശേഷിക്കാർ
കേൾവിക്കും കാഴ്ചയ്ക്കും ശാരീരികാവസ്ഥയ്ക്കും പരിമിതിയുള്ള ഭിന്നശേഷിയുള്ളവരാണ് ഓരോ കേന്ദ്രത്തിലും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്ന് നിർദ്ദേശിച്ചത്. ആക്സിസിബിലിറ്റി ഓഡിറ്റിംഗ് എന്ന് സാങ്കേതികമായി പറയുന്നതാണിത്. ഇത്തരക്കാർക്ക് എങ്ങനെയാണ് ഓരോ കേന്ദ്രങ്ങളും ആസ്വദിക്കാൻ പറ്റുകയെന്നത് അവരുടെ അഭിപ്രായമാരാഞ്ഞാണ് പദ്ധതി തയ്യാറാക്കിയത്.
ബ്രെയിൽ ലിപിയിലും
ആംഗ്യഭാഷയിലും വിവരങ്ങൾ
ടൂറിസം കേന്ദ്രങ്ങളിലെ വിവിധ ആകർഷണങ്ങൾ വിവരിക്കുന്ന വിസിറ്റേഴ്സ് ഗൈഡ് കാഴ്ച പരിമിതർക്ക് വായിച്ചറിയാനായി ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയിട്ടുണ്ട്. വഴുതക്കാടുള്ള കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയമാണ് തെന്മല ഇക്കോടൂറിസം കേന്ദ്രത്തിലെ ബ്രോഷർ തയ്യാറാക്കിയത്.
കേൾവി പരിമിതർക്കായി ആംഗ്യഭാഷയിൽ (സൈൻ ലാംഗ്വേജ്) ഓരോ ടൂറിസം കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജഗതിയിലുള്ള ഗവ.വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ് എന്ന സ്ഥാപനമാണ് ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തത്.
ഭിന്നശേഷിക്കാർക്കായി തയ്യാറാക്കിയിട്ടുള്ള മറ്റു സൗകര്യങ്ങൾ
കൈവരിയുള്ള റാമ്പ്,
ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ്,
വീൽചെയർ,
വാക്കിംഗ് സ്റ്റിക്ക്,
ഫോൾഡിംഗ് വാക്കർ,
ക്രച്ചസുകൾ,
സ്പെഷ്യൽ സൈനേജസ് ,
ടാക്ളൈൽ വാക്ക്വേയ്സ്,
ടച്ച് സ്ക്രീൻ കിയോസ്ക്,
ബ്രെയിൻ ലിപിയിലുള്ള ബ്രോഷർ,
ശ്രവണ വഴികാട്ടി ,
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി,
സ്ട്രെച്ചർ
ജടായുപ്പാറ, ആക്കുളം എന്നിവിടങ്ങളിൽ പദ്ധതി പൂർത്തീകരിച്ചു. കോവളം, വേളി, കാപ്പിൽ, വർക്കല, ശംഖുംമുഖം എന്നിവിടങ്ങളിൽ മാസ്റ്റർപ്ലാൻ അനുസരിച്ച് പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. തെന്മല, ഇടുക്കിയിലെയും കോഴിക്കോട്ടെയും കേന്ദ്രങ്ങൾ എന്നിവയടക്കം 120 ടൂറിസം ഡെസ്റ്റിനേഷനുകളിലാണ് പദ്ധതി പൂർത്തിയായത്. 200 കേന്ദ്രങ്ങളാണ് പദ്ധതിയിലുൾപ്പെട്ടിട്ടുള്ളതെങ്കിലും ശേഷിക്കുന്നതിന്റെ പണി ധൃതഗതിയിൽ നടക്കുകയാണ്.
ടൂറിസം ഡയറക്ടർ ബാലകിരൺ ആസൂത്രണം ചെയ്ത പരിപാടിയാണിത്. 2021 ഓടെ കേരളത്തിലെ എല്ലാ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനാണ് തീരുമാനം.
വി.എസ്. സതീഷ്, പ്ലാനിംഗ് ഓഫീസർ
ടൂറിസം ഭിന്നശേഷിക്കാർക്കായി പ്രത്യേക ടൂർ പാക്കേജും ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട് . ഇവരെ നയിക്കുന്നതിന് ഈ ഭിന്നശേഷിക്കാരെ തന്നെ ലീഡറായി നിയോഗിക്കും. കൈറ്റ് ഫെസ്റ്റ് (പട്ടം പറത്തൽ ഫെസ്റ്റിവൽ) പോലെ ഇവർക്ക് ആസ്വദിക്കാനാകുന്ന പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കും .
രൂപേഷ്, സംസ്ഥാന കോ ഓർഡിനേറ്റർ
ഉത്തരവാദിത്വ ടൂറിസം