beauty-parlour-attack

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിനു നേരെയുണ്ടായ വെടിവയ്പ്പ് കേസ് അന്വേഷണം വഴിത്തിരിവിൽ. സംഭവത്തിൽ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. വെടിവയ്‌പ് ഉണ്ടാകുമെന്ന് ഒരു എസ്.ഐ മുൻകൂട്ടി അറിയിച്ചെന്ന് ലീന മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐയെ ചോദ്യം ചെയ്‌തു.

അതേസമയം,​ കേസിൽ അധോലോക കുറ്റവാളി രവി പൂജാരി പ്രതിയായ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രെെംബ്രാ‌ഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കൽ, അതിക്രമിച്ചു കടക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡോക്ടർ ദമ്പതിമാരുടെ വീടുകളിൽ റെയിഡ് നടത്തിയിരുന്നു. ഡോക്ടർമാരുടെ കൊല്ലത്തും കാസർകോടുമുള്ള വീടുകളിലാണ് റെയിഡ് നടന്നത്. കഴിഞ്ഞ ഡിസംബർ 15ന് ബ്യൂട്ടിപാർലറിൽ വെടിവയ്‌പ് നടത്തിയ അക്രമികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവർ ചെയ്‌തു നൽകി എന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയിഡ് നടന്നത്.