chottanikkara-temple

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ട് ഗുരുതി തയ്യാറാക്കിയ സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. ദേവീക്ഷേത്രത്തിലെ കീഴ്‌ക്കാവിൽ ഭഗവതിക്ക്‌ പ്രധാന വഴിപാടായാണ് ചുണ്ണാമ്പിനു പകരം ബ്ലീച്ചിംഗ് പൗഡറിട്ട് ഇട്ട് 12 പാത്രം ഗുരുതി തയ്യാറാക്കിയത്. മേൽശാന്തിക്ക് സംശയം തോന്നിയതിനാൽ ഗുരുതി ഭഗവതിക്ക്‌ തർപ്പണം ചെയ്യ്‌തില്ല.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ കീഴ്‌ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം അമ്പലത്തിൽ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന്‌ ദേവസ്വം അധികൃതർ മാറ്റി നിർത്തിയിട്ടുണ്ട്. നാല് ദേവസ്വം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

വളരെ പ്രാധാന്യമുള്ള ഗുരുതി വഴിപാടിന് കീഴ്‌ക്കാവ് ഭഗവതിക്ഷേത്രത്തിൽ 2025 വഴിപാട് വരെ ബുക്കിംഗായിരുന്നു. ഉത്സവ കാലത്തും മുടിയേറ്റ് സമയത്തും മാത്രമേ ഗുരുതി ഒഴിവാക്കാറുള്ളൂ. ക്ഷേത്രക്കിണറ്റിൽനിന്നുള്ള വെള്ളത്തിൽ മഞ്ഞൾപ്പൊടി, ശർക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേർത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്‌ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നിൽ ഗുരുതി നിറച്ച ഓട്ടുരുളികൾ വെച്ച് പ്രത്യേകം പൂജകൾ നടത്തി തർപ്പണം ചെയ്യുകയും തുടർന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തർക്ക് സേവിക്കാൻ കൊടുക്കുന്നതും പതിവാണ്.

ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരൻ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിംഗ് പൗഡറായിരുന്നുവെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജർ ബിജുകുമാർ പറഞ്ഞു. ദുർഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാർ വിവരം പറഞ്ഞില്ല. മേൽക്കാവ് മേൽശാന്തി ടി.എൻ. നാരായണൻ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോൾ ഓട്ടുരുളികളിലെ ഗുരുതിക്ക്‌ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടർന്ന് തയ്യാറാക്കിയ ഗുരുതി ഉടൻ മാറ്റാൻ നിർദേശിച്ചു.

ശേഷം പുതിയതായി സാധാരണ രീതിയിൽ ഗുരുതി തയ്യാറാക്കിയാണ് തുടർന്ന് ഗുരുതി വഴിപാട് നടത്തിയതെന്നും ദേവസ്വം മാനേജർ ബിജുകുമാർ പറഞ്ഞു. ചീഫ് വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു.