ഡെറാഡൂൺ: വീരമൃത്യുവരിച്ച ജവാൻമാരുടെ അമ്മമാരുടെ കാലിൽ തൊട്ടു വന്ദിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഡെറാഡൂണിലെ ഹത്തിബർക്കലയിൽ വച്ച് വീരമൃത്യുവരിച്ച ജവാൻമാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ ആദരവ്. നിർമല സീതാരാമൻ ജവാൻമാരുടെ അമ്മമാരുടെ കാൽ തൊട്ടു വന്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ജവാൻമാരുടെ അമ്മമാർക്ക് ബൊക്ക നൽകിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നൽകിയത്. സ്‌റ്റേജിലേക്ക് എത്തിയ ഓരോ അമ്മമാരെയും ആദരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി അവരുടെ കാലുകൾ തൊട്ടു വന്ദിച്ചത്.
"കഴിഞ്ഞ 60 വർഷമായി യുദ്ധ സ്മാരകം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രധാനപ്പെട്ട നാല് യുദ്ധങ്ങളാണ് സംഭവിച്ചത്. യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി ഒരു ചെറിയ സ്മാരകം പോലും ദേശീയതലത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഫെബ്രുവരിയിൽ നമ്മുടെ പട്ടാളക്കാർക്കായി യുദ്ധസ്മാരകം സമർപ്പിക്കാൻ സാധിച്ചു." നിർമ്മല സീതാരാമൻ പറഞ്ഞു.
ചടങ്ങിനിടെ വൺ റാങ്ക് വൺ പെൻഷൻ വിഷയം ചൂണ്ടിക്കാട്ടി നിർമ്മല സീതാരാമൻ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു.യു.പി.എ ഭരണകാലത്ത് 500കോടി രൂപയാണ് പട്ടാളക്കാർക്കായി നീക്കിവെച്ചതെങ്കിൽ മോദി സർക്കാരിന്റെ കാലത്ത് അത് 35000 കോടി രൂപയാണ് നീക്കിവച്ചതെന്ന് നിർമ്മല സീതാരമൻ അവകാശപ്പെട്ടു.
വീഡിയോ കാണാം....