-pinarayi-vijayan

തിരുവനന്തപുരം: കർഷക വായ്‌പകളിലെ മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2014 മാർച്ച് 31 വരെയുള്ള വായ്‌പകൾക്കാണ് മൊറട്ടോറിയം ബാധകമാവുക. കർഷകർക്ക് വായ്‌പാ പരിധി രണ്ട് ലക്ഷമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമായാണ് കടാശ്വാസ പരിധി ഉയർത്തുക. വാണിജ്യ ബാങ്കുകളുടെ വായ്‌പകളും കടാശ്വാസ കമ്മിഷന്റെ പരിധിയിൽ കൊണ്ടുവരും. വിള നാശത്തിനുള്ള ധനസഹായം നിലവിൽ ഉള്ളതിന്റെ ഇരട്ടിയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി രൂപ അനുവദിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നഷകാൻ 85 കോടി ഉടനെ അനുവദിക്കും. 54 കോടി ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ കാർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എങ്കിലും ഇടുക്കിയിലടക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.