iran

തെഹ്റാൻ: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.

അയൽ രാജ്യങ്ങളുടെ അതിർത്തിയിൽ നടക്കുന്ന എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും പാകിസ്ഥാൻ തന്നെയാണ് കാരണമെന്ന് ഇറാൻ ഐ.ആർ.ജി.സി ഫോർസ് കമാൻഡർ ജനറൽ ഖ്വാസിം സുലൈമാനി പറഞ്ഞു. സ്വന്തമായി ആണവായുധമുള്ള രാജ്യമാണ് പാകിസ്ഥാൻ. അങ്ങനെയുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാൻ എന്തുകൊണ്ട് പാകിസ്ഥാന് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇറാന്റെ ക്ഷമ പാകിസ്ഥാൻ പരീക്ഷിക്കരുതെന്നും ഖ്വാസിം സുലൈമാനി കൂട്ടിച്ചേർത്തു.

പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ 45 മുതൽ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായി ഇറാൻ മുൻ ഇന്റലിജൻസ് മേധാവിയും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ റഹ്മത്തുള്ള നബീൽ വ്യക്തമാക്കി. പാക്കിസ്ഥാൻ ഭീകരവാദത്തെ ഒരു തന്ത്രമായാണു കാണുന്നത്. ഭീകര സംഘടനയായ ജയ്ഷ് അൽ അദിലിനെതിരെ ഇറാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തെ ആദ്യ 5ജി സ്മാർട്ട് ഫോൺ ഷവോമിക്ക് സ്വന്തം, ഗംഭീര ഫീച്ചറുകളുമായി എം.ഐ.മിക്സ് 3

ഇന്ത്യൻ അതിർത്തിയിൽ സംഘർഷം പതിവായതോടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാൻ സന്ദർശനം താല്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. ഇന്ത്യയും ഇറാനും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരവാദത്തിനെതിരെ സംയുക്ത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയങ്ങളുടെ വരാനിരിക്കുന്ന ചർച്ചകളിലും ഇതു തന്നെയായിരിക്കും മുഖ്യവിഷയമാകുക.