തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂരിനോട് കൊമ്പുകോർക്കാൻ മിസോറം ഗവർണർ പദവി ഉപേക്ഷിച്ച് കുമ്മനം രാജശേഖരൻ വരുമോ എന്ന ചോദ്യത്തിൽത്തന്നെയാണ് ബി.ജെ.പി നേതൃത്വം. അതേസമയം, കുമ്മനം കേരളത്തിലേയ്‌ക്ക് മടങ്ങി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാണ്. കുമ്മനം മടങ്ങിവരുമെന്ന സൂചനകളാണ് പാർട്ടിയെ ചില നേതാക്കളും പങ്കുവയ്‌ക്കുന്നത്.
കുമ്മനത്തെ കേരളത്തിലേക്കു മടക്കിക്കൊണ്ടു വരണമെന്ന ഉറച്ച നിലപാടിലാണ് ആർ.എസ്.എസ് നേതൃത്വം. ഇത് ബി.ജെ.പിയെ അറിയിച്ചതുമാണ്. കുമ്മനം വന്നില്ലെങ്കിൽ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഇതിലേയ്‌ക്ക് ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരും ഉയർന്നു വന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇത്തവണ വിജയസാധ്യത ഉണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവർണർ സ്ഥാനം തന്നെ.കർണാടക ഗവർണർ വാജുഭായ് വാല അടക്കം ഏതാനും ബിജെപി നേതാക്കൾ സ്വന്തം നാട്ടിലേക്കു മടങ്ങി സജീവ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചുവരാനുള്ള താൽപര്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് മടങ്ങാൻ അവസരം നൽകിയാൽ എല്ലാവരെയും പരിഗണിക്കേണ്ടി വരുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.
പാർട്ടിക്ക് അതീതമായി പൊതു സ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം രാജശേഖരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. കോൺഗ്രസിന്റെ കെ മുരളീധരനോട് അദ്ദേഹം പരാജയപ്പെട്ടത്. അതേസമയം, തിരുവനന്തപുരത്ത് ശശി തരൂരിനെ തന്നെ വീണ്ടും ഇറക്കാനാണ് കോൺഗ്രസ് തീരുമാനം. ഇടതുമുന്നണിയും ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കും.
എങ്കിൽ ശക്തമായ ത്രികോണ മത്സരമാകും ഇത്തവണ തിരുവനന്തപുരത്ത് നടക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 15,470 വോട്ടുകൾക്കാണ് ഒ രാജഗോപാൽ ശശി തരൂരിനോട് പരാജയപ്പെട്ടത്. ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അനായാസ വിജയം നേടാനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. അതേസമയം, കുമ്മനത്തിന്റെ മടങ്ങിവരവിൽ ആർ.എസ്.എസിന്റെ നിലപാടാണ് നിർണായകമാവുക.