loksabha-election

തിരുവനന്തപുരം: 16 മണ്ഡലങ്ങളിലും സി.പി.എം മത്സരിക്കാൻ ധാരണയായി. എ.സമ്പത്ത് (ആറ്റിങ്ങൽ), എം.ബി.രാജേഷ് (പാലക്കാട്), പി.കെ.ബിജു (ആലത്തൂർ), പി.കെ.ശ്രീമതി (കണ്ണൂർ) എന്നിവർ വീണ്ടും മത്സരിക്കും. ഇന്ന് നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതിൽ ചർച്ച തുടരുകയാണ്.

കോട്ടയം സീറ്റിൽ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. നേരത്തെ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന് സി.പി.എം സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നിരുന്നു. വടകരയിലേക്ക് പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, പൊതുസ്വതന്ത്രർ എന്നിവരാണ് പരിഗണനയിൽ.

കാസർകോട് കെ.പി.സതീഷ് ചന്ദ്രനാണ് സാധ്യത. വി.പി.പി.മുസ്തഫയുടെ പേര് ഉയർന്നിരുന്നെങ്കിലും പെരിയയിലെ വിവാദ പ്രസംഗം വിനയായി. സിറ്റിംഗ് എം.പിമാർതന്നെ മത്സരിക്കുന്നതാകും വിജയ സാധ്യത കൂടുതലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ജനതാദൾ എസിന് കഴിഞ്ഞ തവണ സീറ്റ് നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും പാർട്ടി വിശദീകരിക്കുന്നു. 2014ൽ പതിനഞ്ചു സീറ്റുകളിലാണ് സി.പി.എം മത്സരിച്ചത്.