തിരുവനന്തപുരം : സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിശ്രമിച്ചാൽ അഞ്ച് മണ്ഡലത്തിൽ ജയസാധ്യതയുണ്ടെന്ന് ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നു.
ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന ഈ മണ്ഡലങ്ങൾ തിരുവനന്തപുരം, ആറ്രിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവയാണ്. ശബരിമലയുൾപ്പെടെയുള്ള വിഷയങ്ങളും, എൻ.എസ്.എസുമായി മുമ്പില്ലാത്തവിധം അടുക്കാനായതും, ബി.ഡി.ജെ.എസിന്റെ കരുത്തും കൂടിച്ചേരുമ്പോൾ അസാധ്യമായത് ഒന്നുമില്ലെന്ന ചിന്തയിലാണ് പാർട്ടി. അതിനാൽ ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് ഏറ്രവും നിർണായകമാവുക.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, കെ.സുരേന്ദ്രൻ, പി.എസ് ശ്രീധരൻ പിള്ള എന്നി പേരുകളാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിൽ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവരെയും പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ, പി.എസ് ശ്രീധരൻ പിള്ള , എം.ടി രമേശ് എന്നിവരെയും തൃശൂരിൽ കെ.സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പാലക്കാട് സി.കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ചില നേതാക്കളുടെ പേരുകൾ ഒന്നിലേറെ മണ്ഡലങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
നാല് മേഖലകളിലായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന ജാഥകൾ ഇന്ന് ആരംഭിക്കും. അഞ്ച് ദിവസത്തേക്ക് പാർട്ടി യന്ത്രം മുഴുവൻ ജാഥയുടെ പിറകേയായിരിക്കും. ഇതിന് ശേഷം മാത്രമേ സ്ഥാനാർത്ഥി നിർണയം നടക്കൂ.