അടുത്ത ദിവസം..
അലങ്കരിച്ച വോൾവോ ബസ്സിൽ മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ മൃതദേഹം വിലാപയാത്രയായി പത്തനംതിട്ടയ്ക്കു കൊണ്ടുപോയി.
മന്ത്രിമാരും പാർട്ടി പ്രവർത്തകരും അടങ്ങുന്ന വൻ സംഘം മൃതദേഹത്തെ അനുധാവനം ചെയ്തു.
എല്ലാ ടൗണുകളിലും മെയിൻ ജംഗ്ഷനുകളിലും അനുശോചനം നടന്നു.
വോൾവോ ബസിൽ രാഹുലും വേലായുധൻ മാസ്റ്ററും ഉണ്ടായിരുന്നു.
വഴിനീളെ പോലീസ് പട.
പെട്ടെന്ന് മാസ്റ്ററുടെ പ്രൈവറ്റ് ഫോൺ ഇരമ്പി. അയാൾ എടുത്തു നോക്കിയപ്പോൾ തികച്ചും അപരിചിതമായ നമ്പർ.
ഒന്നു സംശയിച്ചിട്ട് കാൾ അറ്റന്റു ചെയ്തു.
''ഹലോ... ആരാ? "
''അത് പിന്നീടു പറയാം. " ഒരു സ്ത്രീ ശബ്ദം. ''താങ്കൾക്കു ഗുണമുള്ള ഒരു കാര്യം പറയാനാണു വിളിച്ചത്. "
മാസ്റ്റർ ഇടം കണ്ണിട്ട് രാഹുലിനെ ഒന്നു നോക്കി. പിന്നെ കാതിലേക്ക് ഫോൺ അല്പം കൂടി അമർത്തി.
''പറയൂ. "
''രാഹുൽ മുഖ്യമന്ത്രിയായത് സാറിന് ഒട്ടും താൽപ്പര്യമില്ലാത്ത കാര്യമാണെന്ന് എനിക്കറിയാം. അവനെ താഴെയിറക്കാനുള്ള മാർഗ്ഗമൊക്കെ ഞാൻ നോക്കിക്കോളാം. സാറിന് വേണമെന്നുണ്ടെങ്കിൽ... "
മാസ്റ്റർ ഒരിക്കൽക്കൂടി രാഹുലിനെ നോക്കി.
മുഖ്യമന്ത്രി ആയതിന്റെ ഗമയിൽ പുറത്തേക്കു നോക്കിയിരിക്കുകയാണ് അവൻ.
''ഞാൻ എന്തു ചെയ്യണം? "
മാസ്റ്റർ പതുക്കെ തിരക്കി.
''ഇപ്പോൾ ഒന്നും ചെയ്യണ്ടാ. ചെയ്യേണ്ട നേരത്ത് ഞാൻ പറയാം. പിന്നെ... സാറിന്റെ രഹസ്യ മകൻ രാഹുലിന്റെ കസ്റ്റഡിയിൽ ഒന്നുമല്ല... "
''ങ്ഹേ? " മാസ്റ്റർ ഞെട്ടി.
''പിന്നെ എവിടെയാണ്?"
''അതും പറഞ്ഞുതരാം. സമയമാകുമ്പോൾ....."
''നമുക്ക് തമ്മിൽ നേരിട്ട് ഒന്നു കാണാനാവുമോ?" മാസ്റ്റർക്ക് ആവേശമായി.
''കാണാം. പക്ഷേ ഇപ്പോഴല്ല. ഈ നമ്പരിൽ എന്നെ വിളിക്കാനും ശ്രമിക്കരുത്. കിട്ടത്തില്ല... "
''എങ്കിൽ പേരെങ്കിലും ഒന്നും പറയൂ."
പൊടുന്നനെ അപ്പുറത്തെ സ്ത്രീശബ്ദത്തിനു മൂർച്ച കൂടി.
''തൽക്കാലം 'കൽക്കി"എന്നു വിളിച്ചോളൂ. രാഹുലിന്റെ അന്തകയാവും ഞാൻ. മുസാഫിർ സുബ്രഹ്മണ്യ ഈശോയുടെ ഭാര്യയാണു ഞാൻ."
പറഞ്ഞതും അപ്പുറത്തു കാൾ മുറിഞ്ഞു. ഫോണിലേക്കു നോക്കിക്കൊണ്ടു തന്നെ ഇരുന്നുപോയി വേലായുധൻ മാസ്റ്റർ.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയിരുന്നു.
ധാരാളം ആളുകൾ അന്തിമോപചാരം അർപ്പിക്കാനും കാത്തുനിന്നിരുന്നു.
അപ്പോൾ പിങ്ക് പോലീസ് എസ്.ഐ വിജയ സബോഡിനേറ്റ്സിനെ നോക്കി ചിരിച്ചു:
''എങ്ങനെയുണ്ട്? മുൻ മുഖ്യനു വിശ്വാസമായിക്കാണുമോ?"
''പിന്നേ.. ഉറപ്പല്ലേ?" അമല ചിരിച്ചു. മറ്റുള്ളവരും അതിൽ പങ്കുചേർന്നു.
''ഞാൻ പറയുന്നത് സത്യമാണെന്നു ബോദ്ധ്യപ്പെടുത്താൻ ഒന്നുകൂടി ചെയ്യാനുണ്ട്. "
പറഞ്ഞുകൊണ്ട് വിജയ, രാവിലെ ഫോണിൽ എടുത്ത നോബിൾ തോമസിന്റെ ചിത്രം മാസ്റ്ററുടെ വാട്സ് ആപ്പിലേക്ക് അയച്ചുകൊടുത്തു.
പിന്നെ ഫോൺ എടുത്തു തുറന്നു. അതിൽ അപ്പോൾ ഉണ്ടായിരുന്ന സിം കാർഡ് എടുത്ത് നടുവെ ഒടിച്ചു.
പിന്നെ രണ്ടു വിരലുകൾക്ക് ഇടയിൽ വച്ച് പുറത്തേക്കു തെറിപ്പിച്ചുകളഞ്ഞു.
****
വൈകിട്ട് 4 മണി.
പത്തനംതിട്ട.
മുൻ ആഭ്യന്തരമന്ത്രിയുടെ വീടും പരിസരവും ജനനിബിഡമായിരുന്നു.
രാജസേനന്റെ ബോഡി ഒരുമണിക്കൂർ പൊതുദർശനത്തിനു വച്ചു.
പിന്നെ സംസ്ഥാന ബഹുമതികളോടെ ചിതയിലും വച്ചു...
ചിതയ്ക്കു തീ കൊളുത്തിയിട്ട് കുളിച്ചുവന്ന രാഹുൽ തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചു.
മന്ത്രിമാരും എം.എൽ.എമാരുമൊക്കെ അപ്പോഴും അടുത്തുണ്ട്. വേലായുധൻ മാസ്റ്റർ സിറ്റൗട്ടിലെ കസേരയിൽ ചിന്താധീനനായി ഇരുന്നു.
ഹാളിൽ ഇരുന്നുകൊണ്ട് രാഹുൽ എസ്.പി അരുണാചലത്തിനെ തന്റെ അരുകിലേക്കു വിളിപ്പിച്ചു.
''സാർ."
എസ്.പി അയാൾക്കു മുന്നിൽ വന്ന് അറ്റൻഷനായി.
രാഹുൽ അയാളെ അടിമുടി നോക്കി.
''താൻ ഓർക്കുന്നുണ്ടോ അരുണാചലം എന്നെ ഇവിടെനിന്ന് അറസ്റ്റുചെയ്ത് വലിച്ചിഴച്ചുകൊണ്ടു പോയത്?"
എസ്.പി മിണ്ടിയില്ല.
രാഹുൽ തുടർന്നു.
അപ്പോൾ താൻ കരുതിക്കാണില്ല ഞാൻ ഇത്തരത്തിൽ അവതരിക്കുമെന്ന് അല്ലേ?"
എസ്.പി വിളർച്ചയോടെ മറ്റുള്ളവരെ ഒന്നു നോക്കി.... പിന്നെ പല്ലു ഞെരിച്ചു.
[തുടരും]