മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കൈകളുമുള്ള ഗണപതിയുടെ രൂപം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല, കൊച്ചുകുട്ടികളുടെ ഒരു ഹീറോ കൂടിയാണ് ഗണപതി. ഈ ഗണപതിയെ ഒരിക്കലെങ്കിലും ഒരു സ്ത്രീയായി സങ്കൽപ്പിച്ചിട്ടുണ്ടോ? ആനയുടെ തലയും സ്ത്രീയുടെ ഉടലുമുള്ള രൂപം. വിസ്മയിക്കേണ്ട...ഇങ്ങനെയുള്ള ഗണപതിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.
സ്ത്രീയുടെ രൂപത്തിലുള്ള ഗണപതിയെ വിനായകി എന്നാണ് പറയുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സ്താനുമലയൻ ക്ഷേത്രം അഥവാ താനുമലയൻ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ വിനായകി ക്ഷേത്രമുള്ളത്. ചിലയിടങ്ങളിൽ ഗജാനനി എന്ന പേരിലും ഈ സ്ത്രീഗണപതി രൂപം അറിയപ്പെടുന്നുണ്ട്. പക്ഷേ, നമ്മൾ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതലും കേട്ടിട്ടുണ്ടാകുക ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരിലായിരിക്കും.
ആനയുടെ തലയുള്ള ഹിന്ദു ദേവത എന്നാണ് പലയിടങ്ങളിലും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതഗ്രന്ഥങ്ങളിൽ പോലും വളരെക്കുറച്ചു മാത്രം പറഞ്ഞിരിക്കുന്ന ഒരു ദൈവമാണ് വിനായകി. ബുദ്ധമതത്തിലെ കൃതികളിൽ ഗണപതിയുടെ ഹൃദയം എന്നാണ് വിനായകിയെ വിശേഷിപ്പിക്കുന്നത്. അതല്ല വിശേഷം. കേരള ലോട്ടറി അടിച്ച് കിട്ടിയ പണം കൊണ്ടാണ് ഈ സ്ഥാനുമലയൻ ക്ഷേത്രം പണിതീർത്തതത്രെ!