stem-cell-transplant

ലണ്ടൻ: അർബുദത്തിന് മൂലകോശ ചികിത്സയ്‌ക്ക് (സ്റ്റെംസെൽ തെറാപ്പി) വിധേയനായ ലണ്ടൻ സ്വദേശിയായ യുവാവ് എച്ച്.ഐ.വിയിൽ നിന്ന് മുക്തനായതായി റിപ്പോർട്ട്. പതിനെട്ട് മാസമായി ഇയാൾ എച്ച്.ഐ.വി മരുന്നുകൾ കഴിക്കുന്നത് നിറുത്തിയതായി ജേണൽ നേച്ചർ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഇയാളുടെ കാൻസറും ഭേദമായി.

സ്റ്റെംസെൽ ചികിത്സയിലൂടെ എച്ച്. ഐ.വിയും കാൻസറും ഭേദമാകുന്ന ലോകത്തെ രണ്ടാമത്തെ രോഗിയാണ് ഇയാൾ. പത്ത് വർഷം മുൻപ് ജർമ്മനിയിലായിരുന്നു ആദ്യസംഭവം.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ്, ഇംപീരിയൽ കോളേജ്, ഓക്‌സ്‌ഫോഡ് സർവകലാശാല എന്നിവയുടെ സംയുക്തമായി ഗവേഷണത്തിലാണ് പ്രതീക്ഷയേകുന്ന കണ്ടെത്തൽ.

2003 ലാണ് യുവാവ് എച്ച്.ഐ.വി ബാധിതനാണെന്ന് കണ്ടെത്തിയത്. പിന്നാലെ ചികിത്സ ആരംഭിച്ചു. 2012ൽ ഇയാൾക്ക് ലിംഫോസൈറ്റ് കാൻസറാണെന്നും കണ്ടെത്തി. കാൻസറിനുള്ള കീമോ തെറാപ്പിക്കൊപ്പം എച്ച്.ഐ.വി പ്രതിരോധ ശേഷിയുള്ള ഒരു ദാതാവിൽ​ നിന്നുള്ള മൂല കോശങ്ങളും ഇയാളുടെ ശരീരത്തിൽ വച്ചുപിടിപ്പിച്ചു. തുടർ പരിശോധനയിലാണ് രണ്ടു രോഗങ്ങളും ഭേദമാകുന്നതായി വ്യക്തമായത്.

ജർമ്മനിയിലെ ബെർലിനിൽ ചികിത്സയ്‌ക്ക് വിധേയനായ അമേരിക്കക്കാരനായ തിമോത്തി റേ ബ്രൗണാണ് ലോകത്ത് ആദ്യമായി സ്റ്റെംസെൽ ചികിത്സയിലൂടെ എച്ച്.ഐ.വിയിൽ നിന്നും കാൻസറിൽ നിന്നും മുക്തി നേടിയത്. ഇയാൾക്ക് എച്ച്.ഐ.വിക്കൊപ്പം രക്താർബുദമായിരുന്നു. എച്ച്. ഐ. വി വൈറസിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരു ദാതാവിന്റെ മജ്ജ ഇയാളിൽ മാറ്റിവച്ചു. ഒപ്പം രക്താർബുദത്തിന് റേഡിയേഷനും വിധേയനാക്കി. ചികിത്സാ ഫലങ്ങൾ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചു. കാൻസറിനൊപ്പം എച്ച്.ഐ.വിയെയും ഇയാൾശരീരം പ്രതിരോധിച്ചിരുന്നു. ലോകത്താദ്യമായി ചികിത്സയിലൂടെ എ‌യ്ഡ്സ് സുഖപ്പെട്ട വ്യക്തി എന്ന റെക്കോർഡ് തിമോത്തിക്കാണ്.

ഒരേ ചികിത്സയിലൂടെ രണ്ട് രോഗികൾ സമാന രോഗങ്ങളെ അതിജീവിച്ചത് വൈദ്യശാസ്ത്രത്തിൽ പുതിയ വഴികൾ തുറക്കുകയാണെന്നും ചികിത്സാരീതിക്ക് വിശ്വാസ്യത കൈവരിക്കാനായെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഇൻഫെക്‌ഷൻ ആൻഡ് ഇമ്മ്യൂണിറ്റി വിഭാഗം പ്രൊഫസറും എഴുത്തുകാരനുമായ രവീന്ദ്ര ഗുപ്ത പറയുന്നു. ഇതേ ചികിത്സയിലൂടെ ദശലക്ഷക്കണക്കിന് എയിഡ്സ് രോഗികളെ സുഖപ്പെടുത്താനാവണമെന്നില്ല. നൂതനമായ ചികിത്സാരീതികളിലൂടെ ഒരിക്കൽ എച്ച്.ഐ.വി തുടച്ചുനീക്കാമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.