ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ചില ഭക്ഷണങ്ങളോട് മാത്രം പ്രത്യേകം ഇഷ്ടം തോന്നുക സ്വാഭാവികം. പച്ചമാങ്ങയോ പുളിയോ മസാലദോശയോ അങ്ങനെ എന്തിനോടുമാകാം ആ ഇഷ്ടം. എന്നാൽ, കെനിയയിലെ ഗർഭിണികളായ സ്ത്രീകൾക്ക് ഇതൊന്നുമല്ല കഴിക്കാൻ തോന്നുക. നല്ല അസൽ പാറക്കല്ലുകളോടാണ് അവർക്ക് കൊതിമുഴുവൻ! സാധാരണ ക്വാറികളിൽനിന്ന് ശേഖരിക്കുന്ന ഈ കല്ലുകൾക്ക് ഒഡോവ എന്നാണ് പേര്.
ഗർഭാവസ്ഥയിലുണ്ടാകുന്ന കാൽസ്യത്തിന്റെയും ധാതുക്കളുടെയും കുറവ് നികത്താൻ ഈ കല്ലുകൾ കഴിക്കുന്നത് നല്ലതാണെന്നാണ് ഇവിടത്തെ ഡോക്ടർമാർപോലും പറയുന്നത്. എന്നാൽ, ഇവ ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം എന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഗർഭിണികൾക്കു കഴിക്കാനായി കെനിയയിലെ റോഡരികുകളിൽ ഒഡോവ വിൽക്കുന്ന കടകളും ചന്തകളുമൊക്കെ ധാരാളമുണ്ടത്രെ! പുതുമണ്ണിന്റെ മണംപോലെയാണ് ഒഡോവയുടെ മണമെന്നും ഇതാണ് ഇവ കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്നുമാണ് ഗർഭിണികളുടെ പക്ഷം. കല്ല് മാത്രമല്ല, കളിമണ്ണ്, ചേറ് തുടങ്ങിയവയും കെനിയയിലെ ഗർഭിണികളുടെ ഇഷ്ടഭക്ഷണമാണ്.ഈ കല്ലിനെപ്പോലെ ലാഭകരമായ ഒരു വിഭവവും ചന്തയിലില്ലെന്നാണ് കച്ചവടക്കാർപോലും പറയുന്നത്.