പുതിയ കണക്‌ഷൻ വിതരണത്തിൽ ഈവർഷം 45% വർദ്ധന
കൊച്ചി: നിർദ്ധന കുടുംബങ്ങൾക്കും പാചക വാതക കണക്‌ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് മികച്ച പ്രതികരണം. നടപ്പു സാമ്പത്തിക വർഷം (2018-19) ഏപ്രിൽ മുതൽ ഫെബ്രുവരി വരെ മാത്രം 4.07 കോടി പുതിയ കണക്‌ഷനുകളാണ് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ചേർന്ന് നൽകിയത്. തൊട്ടു മുൻവർഷത്തെ സമാന കാലയളവിൽ നൽകിയ പുതിയ കണക്‌ഷനുകളെ അപേക്ഷിച്ച് 45 ശതമാനമാണ് വർദ്ധന.
ഈവർഷം മാർച്ച് 31നകം 4.25 കോടി പുതിയ കണക്‌ഷനുകൾ നൽകുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യം. ഇതു കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2019 മാർച്ച് 31നകം പുതുതായി അഞ്ച് കോടി എൽ.പി.ജി കണക്‌ഷനുകൾ നൽകുന്നത് ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഉജ്വല യോജന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ഈ ലക്ഷ്യം മറികടക്കാൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞു. ഇതോടെ, കൈവരിക്കേണ്ട ലക്ഷ്യം എട്ട് കോടിയായി ഉയർത്തിയിട്ടുമുണ്ട്. 2016-17ൽ മാത്രം 3.3 കോടിപ്പേർക്ക് പുതുതായി എൽ.പി.ജി കണക്‌ഷൻ ലഭിച്ചു. 2017-18ൽ 2.81 കോടിപ്പേരെയും ചേർത്തു. നടപ്പുവർഷം കേരളത്തിൽ മാത്രം ഏപ്രിൽ-ഡിസംബർ വരെ 1.55 ലക്ഷം പുതിയ കണക്‌ഷനുകൾ നൽകിയിട്ടുണ്ട്.
ഈവർഷം ഇതുവരെ 3,030 പുതിയ ഡീലർമാരെയും പാചക വാതക വിതരണ ശൃംഖലയിലേക്ക് എണ്ണക്കമ്പനികൾ ചേർത്തിട്ടുണ്ട്. 2015 മാർച്ച് 31ലെ കണക്കുപ്രകാരം ഇന്ത്യയിൽ 14.8 കോടി എൽ.പി.ജി കണക്‌ഷനുകളാണ് ഉണ്ടായിരുന്നത്. ഈ വർഷം ഫെബ്രുവരിയിലേക്ക് എത്തിയപ്പോൾ ഇത് 77 ശതമാനം വർദ്ധിച്ച് 26.16 കോടിയായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം എൽ.പി.ജി ഉപഭോഗത്തിൽ 32.8 ശതമാനം വിഹിതവുമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് മുന്നിൽ. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖല 27.2 ശതമാനം വിഹിതവുമായി രണ്ടാമതാണ്.
12
പത്തുലക്ഷം രൂപയിൽ താഴെ പ്രതിവർഷ വരുമാനമുള്ള കുടുംബങ്ങൾക്കാണ് ഉജ്വല യോജന പ്രകാരം എൽ.പി.ജി കണക്‌ഷൻ നൽകുന്നത്. സബ്‌സിഡിയോട് കൂടിയ 12 സിലിണ്ടറുകൾ ഇവർക്ക് ഒരുവർഷം ലഭിക്കും.
22.5 മില്യൺ ടൺ
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.പി.ജി ഉപഭോഗ രാജ്യമാണ് ഇന്ത്യ. 2017-18ൽ ഇന്ത്യക്കാർ 22.5 മില്യൺ ടൺ എൽ.പി.ജിയാണ് ഉപയോഗിച്ചത്. 2025ൽ ഉപഭോഗം 30 മില്യൺ ടൺ കവിയുമെന്നാണ് വിലയിരുത്തൽ.
106.3%
ഇന്ത്യൻ ഓയിലിന്റെ കണക്കുപ്രകാരം കേരളത്തിൽ ഈവർഷം എൽ.പി.ജി ഉപഭോഗം 106.3 ശതമാനമാണ്. 2016ൽ ഇത് 97 ശതമാനമായിരുന്നു. ദേശീയതല ഉപഭോഗം 62 ശതമാനത്തിൽ നിന്ന് 90 ശതമാനമായും ഉയർന്നിട്ടുണ്ട്.
മുന്നിൽ ഐ.ഒ.സി
രാജ്യത്തെ മൊത്തം എൽ.പി.ജി ഉപഭോക്താക്കളിൽ 12 കോടിയും ഇന്ത്യൻ ഓയിലിന്റെ ഉപഭോക്താക്കളാണ്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് ഏഴു കോടിയും ബി.പി.സി.എല്ലിന് 6.6 കോടിയും ഉപഭോക്താക്കളുണ്ട്.
സബ്‌സിഡിയിൽ കുതിപ്പ്
ഉപഭോക്താക്കൾക്ക് എൽ.പി.ജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന 'പവൽ" സ്‌കീം പ്രകാരം ഈവർഷം ഏപ്രിൽ-ഡിസംബറിൽ 25,700 കോടി രൂപ കേന്ദ്രസർക്കാരിന് ചെലവായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ നൽകിയത് 20,880 കോടി രൂപയാണ്. അടുത്തവർഷം ഇത് 33,000 കോടി രൂപയിലെത്തിയേക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.