water-scarcity-in-kerala-

തിരുവനന്തപുരം: കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുകയാണ്. കൊടുംവരൾച്ചയുടെ വരവിന് മുന്നോടിയായി ഫെബ്രുവരിയുടെ പാതിയിൽത്തന്നെ വറ്റിത്തുടങ്ങിയ കിണറുകൾ,​ ഒഴുകിയ കാലത്തിന്റെ നീർപ്പാടുപോലും അവശേഷിപ്പിക്കാതെ തിളച്ച മണൽ പേറുന്ന പുഴകൾ, വിണ്ടുകീറിയടരുന്ന പാടങ്ങൾ, നീരുവറ്റിയ ചാലുകൾ, കുളങ്ങൾ... വേനലിന്റെ ചുവടുകൾ പതിഞ്ഞു തുടങ്ങിയപ്പോഴേ കുടിനീരിനായി തൊണ്ടവറ്റിയ ഗ്രാമങ്ങൾ കേരളത്തിന്റെ ഭൂപടത്തിലുണ്ട്. വരാൻ പോകുന്നത് കൊടുംവറുതിയുടെ കടുത്തകാലം...

അശാസ്‌ത്രീയമായ ജലചൂഷണവും ജലസംരക്ഷണത്തിലെ അലംഭാവവും ജലവിനിയോഗത്തിലെ ധൂർത്തും ജലസ്രോതസുകളുടെ മലിനീകരണവുമാണ് കേരളത്തിന്റെ തൊണ്ടവറ്റിച്ചുകളഞ്ഞത്. എന്തുകൊണ്ട് ഈ കൊടുംവരൾച്ച എന്ന് അതിശയംകൂറുമ്പോൾ എത്രമാത്രം ജലസ്രോതസുകളുള്ള സംസ്ഥാനമാണ് കേരളം എന്നുകൂടി നാമറിയണം. അവയുടെ ശരിയായ സംരക്ഷണം ഉറപ്പാക്കിയാൽ മതി പഴയ ജലസമൃദ്ധി തിരികെ കൊണ്ടുവരാൻ.
ഒരു വർഷം കേരളത്തിനാവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്ററാണ്. മഴയിലൂടെ ഒരു വർഷം നമുക്ക് 11370 ഘനമീറ്റർ ജലം ലഭിക്കുന്നുണ്ട് ! 44 നദികളിലൂടെ 4000 കോടി ഘനമീറ്റർ കടലിലേക്ക് ഒഴുകിപ്പോകുന്നു. (അതായത് കേരളത്തിന് ഒരു വർഷം ആവശ്യമായതിന്റെ 45 മടങ്ങ്). ഇനിപ്പറയൂ നമുക്ക് എവിടെയാണ് തെറ്റിയത് ? ജലസംരക്ഷണത്തിന് മടികാണിച്ചും മഴവെള്ളം പാഴാക്കിക്കളഞ്ഞും നാം വരുത്തിയ വീഴ്‌ചകൾ കേരളത്തെ ഭാവിയിൽ നീരുവറ്റിയ പാഴ്‌മണ്ണാക്കിത്തീർക്കുമെന്ന് അറിയുക.
നമ്മൾ തകർത്തെറിഞ്ഞ നീരുറവുകളെ തിരികെ കൊണ്ടുവരണം. കുടിവെള്ളത്തിനായി കേഴുന്ന കേരളത്തെ രക്ഷിക്കാൻ വേണ്ടിയാകണം ഇനി നമ്മുടെ ചുവടുകൾ.
....നാളെ:
വീഴുന്നിടത്ത് താഴട്ടെ മഴയൊരു വൻ മരമാകട്ടെ