galib-guru

ശ്രീനഗർ: ഇന്ത്യക്കാരനായതിൽ താൻ അഭിമാനിക്കുന്നെന്നും ആധാർ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു പറഞ്ഞു. ഇനി ആവശ്യം ഇന്ത്യൻ പാസ്‌പോർട്ട് ആണ്. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിന് വേണ്ടിയാണ് പാസ്‌പോർട്ട് നേടാൻ ശ്രമിക്കുന്നത്. ഭൂതകാലങ്ങളിൽ സംഭവിച്ചുപോയ തെറ്റുകളിൽ നിന്ന് നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്നും പതിനെട്ടുകാരനായ ഗാലിബ് പറയുന്നു.

മേയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിനായി തയ്യാറെടുത്തിരിക്കുകയാണ്. ഇന്ത്യയിൽ വൈദ്യപഠനത്തിന് സാധിച്ചില്ലെങ്കിലും തുർക്കിയിൽ ഒരു കോളേജിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചേക്കും. താൻ ഒരു ഡോക്ടറായി കാണാനാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നും അത് പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗാലിബ് പറഞ്ഞു.

അച്ഛൻ മെഡിക്കൽ രംഗത്തെ ജോലി തുടർന്നില്ല. എനിക്കത് പൂർത്തിയാക്കണം. കാശ്മീരിലെ ഭീകരരിൽ നിന്ന് തന്നെ സംരക്ഷിച്ച അമ്മയ്ക്കാണ് ഇതിന്റെ എല്ലാ ക്രെഡിറ്റുകളുമെന്ന് ഗാലിബ് കൂട്ടിച്ചേർത്തു.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഗാലിബിനെ അവന്റെ അമ്മയും ബന്ധുക്കളും കരുതലോടെയാണ് വളർത്തിയത്. പഠനകാലത്തൊരിക്കൽ പോലും ആരുമായും കാശ്മീരിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. തനിക്ക് ഇതുവരെയും സുരക്ഷാ സേനാംഗങ്ങളിൽ നിന്ന് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടില്ലെന്നും മറിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാണ് ലഭിച്ചിരുന്നതെന്നും ഗാലിബ് പറയുന്നു. 2016 ൽ നടന്ന ജമ്മുകാശ്മീർ ബോർഡ് പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടിയാണ് ഗാലിബ് വിജയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷ ഡിസ്റ്റിംഗ്ഷനോടെയാണ് ഇക്കൊല്ലം പാസായത്.