കൊച്ചി: സൈനികർക്കും കുടുംബാംഗങ്ങൾക്കും ആദരമർപ്പിച്ച് ഫെഡറൽ ബാങ്ക് രണ്ട് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുട്ടികൾക്ക് 2019-20 വർഷം മുതൽ ഉന്നത പഠനത്തിനായി പ്രതിവർഷം ഒരുലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകും. എം.ബി.ബി.എസ്., എൻജിനിയറിംഗ്, ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി അഗ്രികൾചർ, അഗ്രികൾചറൽ സയൻസ് ഉൾപ്പെടെയുളള ബി.എസ്‌സി (ഹോണേഴ്‌സ്), കോർപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എം.ബി.എ. എന്നിവയ്ക്ക് സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നേടാം.
പൊതുവിഭാഗത്തിൽ ബാങ്ക് നൽകുന്ന 100 മെറിറ്റ് സ്കോളർഷിപ്പുകൾക്ക് പുറമേ സൈനികരുടെ ക്ഷേമത്തിനായി 25 സ്‌കോളർഷിപ്പുകളുടെ ക്വാട്ടയാണ് ബാങ്ക് അവതരിപ്പിച്ചത്. ഇതിനുപുറമേ സായുധ സേനാ ക്ഷേമ ഫണ്ടിലേക്ക് സംഭാവന നൽകാനും ബാങ്ക് തീരുമാനിച്ചു. ഈമാസം ബാങ്കിന്റെ ഉപഭോക്താക്കൾ നടത്തുന്ന ഓൺലൈൻ ഇടപാടുകളുടെ എണ്ണത്തിനു തുല്യമായ തുകയാണ് സംഭാവന നൽകുക.